Friday, July 1, 2011

മൊഴി

നടന്നുനീങ്ങും നേരമിന്നലെകണ്ടു
പണ്ടേ പൊഴിഞ്ഞ
പൂവൊന്നിന്റെ ദലവും
സായാഹ്നത്തിന്നിതൾചെപ്പിലായ്
വീണുമയങ്ങും വർഷത്തെയും
ആരവമിന്ദ്രപ്രസ്ഥവാതിലിൽ
പലേകാലമേറിയ മൗനത്തിന്റെ
ചിറകിൽ മറഞ്ഞുവോ
ആരെയോ കാത്തു നിഴൽപ്പാടുകൾ
ദേശാടനയാനങ്ങളേറി
പുഴയരികിൽ നിൽക്കുന്നുവോ
കാലമോ കനൽക്കല്ലിലെഴുതിതുടുപ്പിച്ച
കാവ്യങ്ങളൊരുശൂന്യരഥത്തിൽ മായുന്നുവോ
ആയിരംയുഗങ്ങളെയറിയാനാവുന്നൊരാ
നോവിലോ മരുന്നേറ്റിനടന്നു
മഴക്കാലം...
ദക്ഷിണഭൂഖണ്ഡങ്ങളുടക്കിക്കിടക്കുന്ന
ചിത്രപർവതങ്ങളിലൊതുങ്ങീ മരീചിക
നിഴലും നിലാവിന്റെയൊലിയും
മറയുന്ന മഴയിലുണരുന്നതേതു
ഭൂരാഗം
വിളക്കണയ്ക്കും
ഗ്രാമം പോലുമെഴുതാൻ മടിക്കുന്നു
വിലാപങ്ങളിൽ കുലീനതയും മരിക്കുന്നു
കടുത്ത രുദ്രാക്ഷങ്ങളുടച്ചു നീങ്ങും
കാലത്തുടിക്കുള്ളിലോ
കർമ്മയോഗങ്ങളുലയുന്നു
കൊഴിയും പൂവിൻദലമൊന്നിലായ്
വിരിഞ്ഞുവോ മൊഴിയൊന്നെൻ
ഹൃദ്സ്പന്ദലയമെന്നപോൽ,
മഴയൊഴുകുന്നുവോ
വീണ്ടുമെന്റെയീമിഴിക്കുള്ളിൽ...

No comments:

Post a Comment