Sunday, April 29, 2012


ഹൃദ്സ്പന്ദനങ്ങൾ


ഋതുക്കൾ മാറി 
പലേ ചില്ലകൾക്കുള്ളിൽ;
കാലമുടച്ച  ചെപ്പിൽ
നിന്നുമുണർന്നു സർഗങ്ങളും.
അരികിൽ പ്രതിഛായ
തേടിയോരുലകിന്റെയരങ്ങിൽ
നിന്നും ബോധഗയയും മാഞ്ഞീടുന്നു.
തണലിൽ തടഞ്ഞതോ
നിഴൽപ്പാളികൾ, മനസ്സതിലോ
നിറഞ്ഞതോ സ്വരങ്ങൾ
പിന്നെ ചുറ്റിയൊഴുകും 
ഗ്രഹങ്ങൾ തൻ
ചില്ലുപാത്രത്തിലൂറ്റിയെടുത്ത
ഹൃദ്സ്പന്ദത്തിൻ കദനം;
ദിനങ്ങളാൽ മെടഞ്ഞ
പുൽപ്പായയിൽ രുദ്രാക്ഷ
മന്ത്രാലാപം..


മിഴിയിൽ നിറഞ്ഞതോ
പ്രകാശപ്പൂക്കാലങ്ങൾ
മൊഴിയിൽ തുടുത്തതോ
ഭൂമിതൻ ഭൂപാളങ്ങൾ
കഴുകിതുടച്ചോരു മണ്ഡപത്തിലായ്
മഴ യ്ക്കൊഴുകാനൊരുവഴിയാകാശ
വാതിൽക്കലായ്..
ഉരുകും മഞ്ഞിൻ വേനൽച്ചില്ലയിൽ
നിന്നും വർഷമുകിലിൽ
തുളുമ്പുന്നതൊരു വൈശാഖം
പാതിയടഞ്ഞ    പടിവാതിലീറനാം
പ്രഭാതത്തിലേറുന്നതൊരു
കാവ്യമുണരും ശംഖും, 
ശംഖിലുറങ്ങിക്കിടക്കുമെൻ
ഹൃദയസ്പന്ദങ്ങളും...

No comments:

Post a Comment