Thursday, November 29, 2012

നക്ഷത്രങ്ങളുടെ കവിത...

ശിലകൾക്കുള്ളിൽ
ലിഖിതങ്ങളായ് മറഞ്ഞോരു
ചെറിയ സങ്കല്പങ്ങൾ,
മുദ്രകൾ, പതാകകൾ..
വഴിയിൽ പലേ ഋതുചിത്രങ്ങളതിൽ
മഴക്കെഴുതാനറിയുന്ന
സ്വരങ്ങൾ, ഭൂരാഗങ്ങൾ..

 
കടം തീർത്തിറങ്ങിയ
കാവിയിൽ മുങ്ങും
കടൽക്കരയിൽ തുളുമ്പുന്ന
ശംഖിലെ സ്വപ്നങ്ങളും
മിഴിക്കുള്ളിലായ് വീണ്ടും
വിരിയും നക്ഷത്രങ്ങളെഴുതും
കവിതപോലെന്റെ
ഹൃദ്സ്പന്ദങ്ങളും...


അഴലിന്നഴിമുഖമതുപോൽ
മഷിവീണു നനയുന്നതു
ചക്രവാളത്തിൻ ശിരോദൈന്യം..
വിരലിൽ ദ്രുതമനുദ്രുതവും
ലയം തെറ്റിയെഴുതാൻ മറന്നോരു
വിസ്മയചിഹ്നങ്ങളും..
സമപാദങ്ങൾ തടുക്കെടുത്തു
തുടികൊട്ടിയുണർത്തും
ശരത്ക്കാലമെത്രയോ
മനോഹരം..


മുകിലിൻ തുമ്പിൽ
തട്ടിയുടഞ്ഞ മഴക്കാലമൊഴിയിൽ
നീരാടിയ മനസ്സേ
കിഴക്കിന്റയരികിൽ
നക്ഷത്രങ്ങൾ കാവ്യമോതുമ്പോൾ
വീണ്ടുമെഴുതിതുടങ്ങുക
മുനമ്പിൻ സങ്കീർത്തനം.....

Wednesday, November 28, 2012

നക്ഷത്രങ്ങളുടെ കവിത

ഇടനാഴിയിലെ
കാൽപ്പദങ്ങൾക്കപ്പുറം
ജാലകവാതിലനരികിലെ
മർമ്മരങ്ങൾക്കപ്പുറം
കാവ്യസ്പന്ദനങ്ങളിൽ
സ്വപ്നം നെയ്യും
ശരത്ക്കാലമേ
എത്ര മനോഹരമീ പ്രപഞ്ചം
ലോകവാതായനങ്ങൾ
തുറന്നൊരു പ്രകാശം തൂവും
നക്ഷത്രവിളക്കുമായ്
എന്നെമൂടും അക്ഷരങ്ങളേ
നൂറ്റാണ്ടുകൾ തൂവിയ
കൽത്തരികളിലൂടെ
നടന്നുനീങ്ങുമ്പോഴും
ചിലമ്പിലുലയും
കവിതപോൽ മനോഹരമാം
നാദധാരയിൽ
ഹൃദ്സ്പന്ദനങ്ങൾ
മന്ത്രിക്കുന്നു..
കാറ്റിൻ മർമ്മരം
ശംഖിലുണരും കടലിൽ...
നക്ഷത്രങ്ങൾ കവിതയെഴുതും
മൊഴിയിൽ
എത്രയോ സന്ധ്യാദീപങ്ങൾ...

Tuesday, November 27, 2012

നക്ഷത്രങ്ങളുടെ കവിത

അക്ഷരങ്ങളൊഴുകും
വിദ്യാപീഠങ്ങളിൽ
പാരിജാതപ്പൂവിതളിൽ
എന്നെ മൂടും ശരത്ക്കാലമേ
കസവുനെയ്തു മനസ്സിൽ
ദീപങ്ങൾ തെളിയും
അശോകപ്പൂവിതൾസന്ധ്യയിൽ
ഉടഞ്ഞ കുടങ്ങളിറ്റുവീണ
മഴയെഴുതിയ
പഴേ കവിതകളിലൂടെ
ഗ്രാമം നീട്ടും ചന്ദനസുഗന്ധത്തിൽ
ഞാനിരുന്നെഴുതുമ്പോൾ
ചുരുങ്ങിയ ഗ്രഹദൈന്യങ്ങൾ
ഗ്രന്ഥപ്പുരയിൽ മറയുമ്പോൾ
എഴുത്തോലയിലൂടെ
അശാന്തിയുടെയമരം
തുഴഞ്ഞുനീങ്ങിയ
ഇടവേളയ്ക്കപ്പുറം
നൂൽചുറ്റുകളിൽ
നിന്നടർന്നുവീണ രുദ്രാക്ഷങ്ങൾ
കടൽത്തീരത്തൊഴുകുമ്പോൾ
ലോകത്തിനിരുണ്ട ത്രിദോഷത്തിനരികിൽ
പ്രകാശം തൂവി
നക്ഷത്രങ്ങൾ വീണ്ടും
കാവ്യം രചിക്കുന്നു...

Sunday, November 25, 2012



നക്ഷത്രങ്ങളുടെ കവിത


ലോകത്തിനൊരിതളിൽ
ചില്ലുതരികളിലുലഞ്ഞു മുറിഞ്ഞ
ഹൃദ്സ്പന്ദങ്ങളിലമൃതുതൂവിയ
മഴ
കൈയിലിറ്റുവീണ മഴതുള്ളികളുടെ
സ്നേഹകാവ്യം
അധികനിറങ്ങളില്ലാതെ
ആധികളില്ലാതെ
തളിർക്കുമിലതുമ്പിലൊഴുകും
നിസ്വാർഥസ്പർശം...

നിർണ്ണയങ്ങൾക്കപ്പുറം
മനസ്സിലുതിരുക്ഷരങ്ങൾ
ഉലഞ്ഞുതീർന്ന
ഒരു ഋതുവിനപ്പുറം
കൽസ്തൂപങ്ങളിൽ വിരിയും
കവിത...
നടന്നുനീങ്ങുമ്പോൾ
മിഴിയിൽ പൂപോലുണരും
നക്ഷത്രങ്ങളേ!
പവിഴമല്ലിപ്പൂവിതളിൽ വിരിയും കാവ്യസ്പന്ദങ്ങളിൽ
തിളങ്ങിയാലും

Saturday, November 24, 2012


നക്ഷത്രങ്ങളുടെ കവിത

അനന്തതയിൽ ആകാശനക്ഷത്രങ്ങൾ
തൂവും പ്രകാശത്തിലുണർന്ന
അക്ഷരങ്ങളെ
മനോഹരമാം ഭൂമിയുട
പ്രഭാതകാവ്യങ്ങളിലുണരും
എന്റെ ഹൃദ്സ്പന്ദനങ്ങളിലെ
സ്വരങ്ങൾക്കരികിൽ
അടർന്നു ചിന്നിയ
ഓർമ്മചിറ്റുകളിൽ
കഥ നെയ്തുനീനീങ്ങും
മുഖാവരണങ്ങൾ
കണ്ടുനിൽക്കും 
ശരത്ക്കാലമേ
ദൃശ്യാദൃശ്യമാം
ഋതുഭേദങ്ങളിൽ
ആഴിയിലെയഗ്നിചിറ്റുകൾ
കൈയിലേന്തിയതിലൊരു
നനുത്ത സ്വപ്നം നെയ്യുമ്പോൾ
മിഴിയിൽ വീണ്ടും
നക്ഷത്രങ്ങൾ കവിതനെയ്യുമ്പോൾ.
എഴുതിതീരാതെ ചുറ്റും
വലം ചെയ്യും ഗ്രഹപ്പിഴകളുടെയരികിൽ
ഓർമ്മചിറ്റുകൾ നിവേദിച്ചുനീങ്ങും
കാലഘട്ടങ്ങളിൽ 
ഞാനീ മുനമ്പിനരികിൽ
വീണ്ടും നക്ഷത്രങ്ങൾ 
കവിതെയെഴുതുന്നതും ,
സന്ധ്യാദീപത്തിൽ
അഗ്നിയുടെ മന്ത്രങ്ങൾ
പൂവുപോൽ വിരിയുന്നതും
കണ്ടിരിക്കാം...

Saturday, November 17, 2012

നക്ഷത്രങ്ങളുടെ കവിത

 ഋജുരേഖകൾക്കുള്ളിൽ
മറഞ്ഞൂ പലേയുഗമതിലും
കണ്ടൂ പശ്ചിമാംബരകമാനങ്ങൾ
നിഴലിൽ നിന്നും നടന്നൊരു
ലോകത്തിൽ കാവ്യമെഴുതീ
നക്ഷത്രങ്ങൾ
സന്ധ്യതൻ ദീപങ്ങളിൽ...


കിഴക്കിനൊരു തുടം
വിപ്ലവം തൂവി വിധി നടന്നൂ
പിന്നെ ഞാനുമെഴുതീ
മിഴിക്കുള്ളിലൊഴുകും
കടലിന്റെ ശ്രുതിയിൽ;
ശരത്ക്കാലമതിനുള്ളിലായ്
ചേർത്തുവച്ചെന്റെ സ്വപ്നങ്ങളെ
തെളിഞ്ഞു മിന്നും വാക്കിലൊഴുകീ
മഴ, പിന്നെയതിലും തൂവി
ഞാനെൻ നനുത്ത കനവുകൾ
ഒടുവിലൊരു പ്രദോഷത്തിന്റെ
രുദ്രാക്ഷത്തിലുണർന്നു
കാവ്യസ്പന്ദമരികിൽ
ഞാനും മൊഴിയതിലായ്
ചേർത്തു വില്വപത്രങ്ങൾ
വിഭൂതിയും.....


വിലങ്ങിൽ തൂങ്ങും പഴേയോർമ്മകൾ
ജന്മാന്തരദുരിതം പോലെ
പിന്നിലൊഴുകീ, കാലത്തിന്റെയടുപ്പിൽ
പുകഞ്ഞെത്ര നിറങ്ങൾ
പിന്നെ മനസ്സതിലും മാഞ്ഞു
നിറക്കൂട്ടുകൾ, സംഘർഷങ്ങൾ..


ചുമരിൽ തൂക്കിക്കെട്ടിയൊരു
മേൽ വിലാസത്തിനരികിൽ
പതാകകൾ താഴ്ന്നുപോയ്
വിരൽതുമ്പിലൊഴുകും കടലിൽ
നിന്നുണർന്നു ദ്രുതം
സ്മൃതിയതിന്റെയിലച്ചീന്തിൽ
ഒരു നീർക്കണം

പിന്നെയെഴുതിതീർത്തു
പഴേ ഋണങ്ങളാകാശവും...

 
മഴപെയ്തൊഴുകിയ മനസ്സിൽ
നിന്നും വീണ്ടുമുണർന്നു
ഭൂവിൻ പാരിജാതങ്ങൾ,
ഭൂപാളങ്ങൾ...
ഒടുവിൽ ലയം തെറ്റിയിടറും
സായാഹ്നത്തിനയനിക്കുള്ളിൽ
നിന്നുമുണർന്നു നക്ഷത്രങ്ങൾ..
....

Tuesday, November 13, 2012


നക്ഷത്രങ്ങളുടെ കവിത

എഴുതിതീർക്കാനാവതൊഴുകും
കടലേ! നീയൊഴുകൂയെന്നിൽ
മൊഴിയരികിൽ;
നിലാവിന്റെയിതളിലിരുൾ
വിണുകറുക്കുമമാവാസിയിവിടെ
പതിച്ചെത്ര ഋണമുദ്രകൾ
പിന്നെയതിന്റെയരികിൽ
ഞാനക്ഷരങ്ങളെചേർത്തു
വിളക്കിയൊരുശരത്ക്കാലത്തിൻ
സംഗീതമായുണർത്തിയതിലെന്റെ
ഹൃദയസ്പന്ദങ്ങളെ
നിറഞ്ഞുതുളുമ്പുന്ന
കടലേ സ്വരങ്ങളിലിരുൾ
വീഴ്ത്തിയോരെല്ലാമകന്നു
നക്ഷത്രങ്ങളെഴുതും
വഴിയിലെയാകാശമതിൽ
ഞാനുമെഴുതാം സർഗങ്ങളെ
ഇവിടെ മൺദീപങ്ങളതിലെ
പ്രകാശത്തിലിനിയും
നിറയ്ക്കാമീമുനമ്പിൻ
മന്ത്രങ്ങളെ

Monday, November 12, 2012




മൊഴി

കാറ്റിനൊരു മന്ത്രം
നടന്നുനീങ്ങും ദിനം
ചേർത്തുവയ്ക്കുന്ന
മുനമ്പിന്റെ ധ്യാനം
ആരോ കറുത്തവാവേറ്റി
നീങ്ങും വഴിയോരത്തു
മെല്ലെ നടന്നുനീങ്ങും
ദീപമാലകൾ തുന്നും 

കിനാവുകൾ,
കാവ്യത്തിനീരടികൾ
പിന്നെയേതിനും ചില്ലുരയ്ക്കും
കാലഘട്ടങ്ങൾ...
 

മേൽക്കൂരയാകെ
തകർന്നക്ഷരങ്ങളെ
ചേർത്തുനിൽക്കും
ഭൂമിനെയ്യുന്ന സന്ധ്യകൾ
കാറ്റിനോടൊപ്പം
ഋണപ്പാടിലോടും ഋതുക്കൾ
പുരാവസ്തുതേടും
പുരാണങ്ങൾ
നീക്കിയും പിന്നെ പുതുക്കിയും
പാതകൾക്കാധികൾ, ദൈന്യങ്ങളായിരം
സങ്കടം..
കാഴ്ചകൾ കണ്ടു നടന്നുനീങ്ങും
കടൽത്തീരത്തിനെത്ര 

മനോഹരകാവ്യങ്ങൾ...

Saturday, November 10, 2012

നക്ഷത്രങ്ങളുടെ കവിത

മഴപെയ്തുതോർന്നോരു
സായന്തനത്തിൽ ഞാനെഴുതീ
മനസ്സിലൊരു മന്ത്രസ്വരം
വഴികൾ നടന്നൊടുവിലീ
കടൽത്തീരത്തിനരികിൽ
തപം ചെയ്തു സത്യം

കരിങ്കല്ലിലെഴുതീ കടൽ
മുനമ്പിന്റെ സങ്കീർത്തനം..

പദനിസ്വനം  തീരമൊഴിയിൽ
മറഞ്ഞു
നിഴലുകൾ മാഞ്ഞൂ
കാവ്യസർഗത്തിന്റെയിതളുകൾ
തേടിയാ സന്ധ്യയും യാത്രയായ്
തിരകൾക്കുമപ്പുറമുൾക്കടൽ
തേടിയെൻ മനസ്സും
പായ് വഞ്ചിയേറി, നിഷാദങ്ങളൊഴുകീ
മുകിൽതുമ്പിലായിരം
നിറുകയിൽ നിനവെണ്ണി, നിമിഷങ്ങളെണ്ണും
ഋതുക്കൾ തന്നിടയിലെങ്ങോ
ദിനം നെയ്തക്ഷരങ്ങളെ
അരികിലെ ചിത്രകമാനത്തിനുള്ളിൽ
ഞാനെഴുതിയെൻ ഹൃദ്സ്പന്ദനത്തിന്റെ
കാവ്യങ്ങളതിലരികിലായിരം
നക്ഷത്രമിഴിയിൽ നിന്നൊഴുകീ
പ്രകാശദീപങ്ങൾ...

Tuesday, November 6, 2012

 നക്ഷത്രങ്ങളുടെ കവിത

എരിഞ്ഞുതീരട്ടെ വിളക്കുകൾ
മൊഴിയ്ക്കരികിലായ്
കാവ്യസ്വരമുണരട്ടെ..
എഴുതിതീരാതെ
മഷിപടരുന്നൊരിടങ്ങളിൽ
നിന്നും നടന്നുനീങ്ങുന്ന
ഋതുക്കളേ മിഴിയതിലൊഴുകുന്ന
കടലുമിന്നൊരു കഥയെഴുതുന്നു..


മറയിട്ട മുഖപടങ്ങളീ

ജനൽപ്പടിയിലേറ്റുന്നു
കറുത്ത വാവുകൾ
കദനമെന്നതിന്നൊരു കല്ലിൻ തരി
ഹൃദയമേറ്റുന്നതറിവിന്റെനാളം...


മറവിയിൽ വീണുചിതറിയ
മുഖപടങ്ങളാകെവെ കരിഞ്ഞുതീരുന്നു
വെയിലിന്റെ സ്വർണ്ണതരികളിൽ
നിന്നും പകലെഴുതുന്നു
പലേ സർഗങ്ങളും..


എഴുതിമിന്നുന്നനിനവുകൾക്കുള്ളിലൊരു
ദീപാവലി വിളക്കുവയ്ക്കുന്നു
മിഴിയിലെ മഴയൊഴിയുന്നു
ചുറ്റും പവിഴമല്ലികൾ
തണലൊഴുക്കുന്നു

വിരലിൽ നിന്നൊരു
ശരത്ക്കാലഗാനമുണരുന്നു
വീണ്ടും തുളസി പൂക്കുന്നു...



അറകളിൽ നെല്ലിൻ കതിർക്കണങ്ങളിൽ
കവിതയേറ്റുന്ന പ്രഭാതമേയിന്നീ
കിഴക്കേ വാനിന്റെ
ഹൃദയസ്പന്ദത്തിൽ
നിറച്ചാലും വീണ്ടും കവിതകൾ
കണ്ടുകുളിരും നക്ഷത്രമിഴിയതിൽ
നിന്നുമുണരട്ടെയെന്റെ
മനസ്സിൻ മുദ്രകൾ.......

Sunday, November 4, 2012

 മൊഴി

 
മൊഴിയിലെ തീർഥപാത്രങ്ങളിൽ
വീണൊഴുകുമമൃതിൽ തുടങ്ങി
ഞാനെൻ വീണയിൽ നാദമെഴുതും
സ്വരങ്ങളെ ചേർത്തുവച്ചതിനുള്ളിലൊരു
സാഗരത്തിന്റെ ശ്രുതിചേർത്തുനീങ്ങവെ
പകലിൻ തടങ്ങളിൽ
നിഴലേറ്റിയോടിയോരിടവേളകൾ
മാഞ്ഞു, പിന്നെയെൻ
കാവ്യത്തിനിതളുകൾക്കുള്ളിൽ
ഞാൻ നെയ്തക്ഷരങ്ങളെ..
പണിതു കുലം അരക്കില്ലങ്ങളെങ്കിലും
പവിഴമല്ലിപ്പൂക്കൾ വീണ്ടും വിടർന്നൂ...
നിഴലുകൾക്കരികിലെ
ചില്ലുപാത്രത്തിലായെഴുതി ഞാൻ
വീണ്ടുമെൻ ഹൃദ്സ്പന്ദനങ്ങളിൽ
ഉറുമിയും വീശി നടന്ന യുഗത്തിന്റെ
മകുടവും മങ്ങി, ശിരോപടങ്ങൾ
തീർത്ത വലയങ്ങളിൽ നിന്നകന്നു ഭൂമി
മിഴിയിലെ വിസ്മയം നക്ഷത്രഗാനങ്ങൾ
മൊഴിയിലെ വിസ്മയം
ശാന്തിനികേതനം