Tuesday, November 6, 2012

 നക്ഷത്രങ്ങളുടെ കവിത

എരിഞ്ഞുതീരട്ടെ വിളക്കുകൾ
മൊഴിയ്ക്കരികിലായ്
കാവ്യസ്വരമുണരട്ടെ..
എഴുതിതീരാതെ
മഷിപടരുന്നൊരിടങ്ങളിൽ
നിന്നും നടന്നുനീങ്ങുന്ന
ഋതുക്കളേ മിഴിയതിലൊഴുകുന്ന
കടലുമിന്നൊരു കഥയെഴുതുന്നു..


മറയിട്ട മുഖപടങ്ങളീ

ജനൽപ്പടിയിലേറ്റുന്നു
കറുത്ത വാവുകൾ
കദനമെന്നതിന്നൊരു കല്ലിൻ തരി
ഹൃദയമേറ്റുന്നതറിവിന്റെനാളം...


മറവിയിൽ വീണുചിതറിയ
മുഖപടങ്ങളാകെവെ കരിഞ്ഞുതീരുന്നു
വെയിലിന്റെ സ്വർണ്ണതരികളിൽ
നിന്നും പകലെഴുതുന്നു
പലേ സർഗങ്ങളും..


എഴുതിമിന്നുന്നനിനവുകൾക്കുള്ളിലൊരു
ദീപാവലി വിളക്കുവയ്ക്കുന്നു
മിഴിയിലെ മഴയൊഴിയുന്നു
ചുറ്റും പവിഴമല്ലികൾ
തണലൊഴുക്കുന്നു

വിരലിൽ നിന്നൊരു
ശരത്ക്കാലഗാനമുണരുന്നു
വീണ്ടും തുളസി പൂക്കുന്നു...



അറകളിൽ നെല്ലിൻ കതിർക്കണങ്ങളിൽ
കവിതയേറ്റുന്ന പ്രഭാതമേയിന്നീ
കിഴക്കേ വാനിന്റെ
ഹൃദയസ്പന്ദത്തിൽ
നിറച്ചാലും വീണ്ടും കവിതകൾ
കണ്ടുകുളിരും നക്ഷത്രമിഴിയതിൽ
നിന്നുമുണരട്ടെയെന്റെ
മനസ്സിൻ മുദ്രകൾ.......

No comments:

Post a Comment