Sunday, November 4, 2012

 മൊഴി

 
മൊഴിയിലെ തീർഥപാത്രങ്ങളിൽ
വീണൊഴുകുമമൃതിൽ തുടങ്ങി
ഞാനെൻ വീണയിൽ നാദമെഴുതും
സ്വരങ്ങളെ ചേർത്തുവച്ചതിനുള്ളിലൊരു
സാഗരത്തിന്റെ ശ്രുതിചേർത്തുനീങ്ങവെ
പകലിൻ തടങ്ങളിൽ
നിഴലേറ്റിയോടിയോരിടവേളകൾ
മാഞ്ഞു, പിന്നെയെൻ
കാവ്യത്തിനിതളുകൾക്കുള്ളിൽ
ഞാൻ നെയ്തക്ഷരങ്ങളെ..
പണിതു കുലം അരക്കില്ലങ്ങളെങ്കിലും
പവിഴമല്ലിപ്പൂക്കൾ വീണ്ടും വിടർന്നൂ...
നിഴലുകൾക്കരികിലെ
ചില്ലുപാത്രത്തിലായെഴുതി ഞാൻ
വീണ്ടുമെൻ ഹൃദ്സ്പന്ദനങ്ങളിൽ
ഉറുമിയും വീശി നടന്ന യുഗത്തിന്റെ
മകുടവും മങ്ങി, ശിരോപടങ്ങൾ
തീർത്ത വലയങ്ങളിൽ നിന്നകന്നു ഭൂമി
മിഴിയിലെ വിസ്മയം നക്ഷത്രഗാനങ്ങൾ
മൊഴിയിലെ വിസ്മയം
ശാന്തിനികേതനം

No comments:

Post a Comment