Tuesday, November 27, 2012

നക്ഷത്രങ്ങളുടെ കവിത

അക്ഷരങ്ങളൊഴുകും
വിദ്യാപീഠങ്ങളിൽ
പാരിജാതപ്പൂവിതളിൽ
എന്നെ മൂടും ശരത്ക്കാലമേ
കസവുനെയ്തു മനസ്സിൽ
ദീപങ്ങൾ തെളിയും
അശോകപ്പൂവിതൾസന്ധ്യയിൽ
ഉടഞ്ഞ കുടങ്ങളിറ്റുവീണ
മഴയെഴുതിയ
പഴേ കവിതകളിലൂടെ
ഗ്രാമം നീട്ടും ചന്ദനസുഗന്ധത്തിൽ
ഞാനിരുന്നെഴുതുമ്പോൾ
ചുരുങ്ങിയ ഗ്രഹദൈന്യങ്ങൾ
ഗ്രന്ഥപ്പുരയിൽ മറയുമ്പോൾ
എഴുത്തോലയിലൂടെ
അശാന്തിയുടെയമരം
തുഴഞ്ഞുനീങ്ങിയ
ഇടവേളയ്ക്കപ്പുറം
നൂൽചുറ്റുകളിൽ
നിന്നടർന്നുവീണ രുദ്രാക്ഷങ്ങൾ
കടൽത്തീരത്തൊഴുകുമ്പോൾ
ലോകത്തിനിരുണ്ട ത്രിദോഷത്തിനരികിൽ
പ്രകാശം തൂവി
നക്ഷത്രങ്ങൾ വീണ്ടും
കാവ്യം രചിക്കുന്നു...

No comments:

Post a Comment