Sunday, January 9, 2022

 January 9. 2022 11.07 PM

നിമഞ്ജനം

Rema  Pavizhamally

JANUARY 09   2022

 

യാത്രയാകുവാൻ വന്നുനിൽക്കും ശൈത്യ-

കാലമേഘമേ കൊണ്ടുപോകുക

കൈയിലേക്കിറ്റ് വീഴുന്ന കണ്ണുനീർ-

ത്തുള്ളിയിൽ വീണുടഞ്ഞ സ്വപ്നങ്ങളെ,

തർപ്പണത്തിൻ്റെ സൂര്യക്ഷേത്രങ്ങളിൽ

മുക്തിതേടുന്ന കാലദു:ഖങ്ങളെ

പാതിയും കരിഞ്ഞാളുന്ന സന്ധ്യയെ

വാതിലിൽ ഭയം നെയ്യും ചിലന്തിയെ

തൂണിലായ് ചാരി നിൽക്കും നിഴലിനെ

ഭൂപടത്തിൻ്റെ ഗന്ധകത്തോപ്പിനെ

നീറിനിൽക്കും ശ്മശാനഗന്ധത്തിനെ

മുത്തിനെരാകിരാകിമിനുക്കുന്ന

ചിപ്പിതൻ കടൽക്ഷോഭകാലങ്ങളെ

വാസനചാന്തുപേക്ഷിച്ചൊരാസിഡിൻ

തീക്ഷ്ണഗന്ധപ്രണയകാലങ്ങളെ

കൺതുറന്നാൽ കൊലവിളിച്ചോടുന്ന

മണ്ണിലെ രാജ്യനേതൃസൂക്തങ്ങളെ

ദൃശ്യഭാവത്തിനപ്പുറം കൺകെട്ട്

വിദ്യകാട്ടുന്ന മൃത്യുബിംബങ്ങളെ

തെറ്റിവീഴുന്ന ത്രാസിൻ്റെ തട്ടുകൾ

കുത്തൊഴുക്കിൽ കുരുങ്ങിനിന്നീടവേ

ശൈത്യകാലമേ നീ കൊണ്ടുപോകുക

ശബ്ദശൂന്യകാലത്തിൻ ഋണങ്ങളെ

നീ  ദയാപൂർവമീപ്പകൽ നോവുകൾ

മൂടൂക മഞ്ഞുപാളിയാൽ ഭംഗിയിൽ


 

No comments:

Post a Comment