Thursday, January 20, 2022
കൈറ്റ് ഫെസ്റ്റിവൽ
കൈറ്റ് ഫെസ്റ്റിവൽ
Rema Prasanna Pisharody
January 20, 2022
പട്ടങ്ങൾ പറന്നുപോകുന്നിതാ
ആകാശത്തിൻ സ്വച്ഛമാം നീലപ്പട്ടിൽ
വർണ്ണങ്ങൾ തൂവിക്കൊണ്ട്
കെട്ടുപൊട്ടിയ പട്ടമെന്നപോൽ
മേഘങ്ങളാ പട്ടങ്ങളെല്ലാം
കൈയിലെടുത്ത് ചുംബിക്കുന്നു
കൈകളിലാമ്പൽപ്പൂവും കൊരുത്തു
നടന്നൊരു കൈതപ്പൂസുഗന്ധത്തിൻ
ഗ്രാമത്തിലോണപ്പാട്ടിൽ
പട്ടങ്ങൾ പറന്നത് പോലെയല്ലിത്
ലോകമുൽസവമാക്കുന്നൊരു
മേളയുമാഘോഷവും
പട്ടങ്ങൾ കുരുങ്ങിയ-
പഴയ പ്ളാവിൻ കൊമ്പിൽ
കെട്ടുപൊട്ടിയ നൂലിൻ-
ഓർമ്മകൾ ധ്യാനിക്കുന്നു!
പട്ടങ്ങൾ പറക്കുന്നു
മേഘങ്ങൾ തൊട്ടേറുന്നു,
പട്ടങ്ങളൊരുങ്ങുന്നു
വസന്തം തേടിക്കൊണ്ട്
കൈകളിൽ നിന്നും നൂലു-
പൊട്ടിയ പട്ടങ്ങളായ്
കണ്ണിൽ നിന്നോടിപ്പോകും
പ്രാണൻ്റെ നിശ്വാസങ്ങൾ
ഓരോരോ രൂപങ്ങളിൽ
ഓരോരോ പ്രപഞ്ചമായ്
ഓരോരോ ചിറകുമായ്
പട്ടങ്ങൾ പറക്കുന്നു
കെട്ടിനിർത്തിയ മതിൽ
ക്കെട്ടിനും മീതേ
പറന്നിത്തിരി ആകാശത്തെ
കൈയിലേയ്ക്കെടുക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment