Sunday, January 16, 2022
JANUARY 16, 2022
വാക്കിൻ്റെ ഗന്ധത്തിലെന്നോ മറന്നിട്ട
കാട്ടുപൂക്കൾ, കൈകൾ ചോന്ന മഞ്ചാടികൾ
പച്ചിലപ്പാതയിൽ ഒറ്റയ്ക്ക് നീങ്ങുന്ന
സത്യം, ചിലമ്പിൻ്റെ നേർത്തതാം മന്ത്രണം.
രാത്രി നീലാഞ്ജനപൂവുതിർത്തീടുന്നു
കൂത്തരങ്ങിൽ വന്ന് നൃത്തം തുടങ്ങുന്നു
കത്തും വിളക്കിലെയെണ്ണയിൽ നിന്ന്-
തീവെട്ടികൾ മെല്ലെ കൊളുത്തുന്നു ദിക്കുകൾ
കത്തിപ്പിടഞ്ഞതും, രക്തമിറ്റിച്ചിതും
മിഥ്യയോ ലോകാവസാനചിത്രങ്ങളോ
ആരോ പെരുംശസ്ത്രമൊന്നെടുത്താ-
ക്കടൽത്തീരത്തിരുന്നഗ്നിബാണം തൊടുക്കുന്നു
ഭൂതങ്ങളെല്ലാം കുടത്തിലെ ഭിത്തിയിൽ
ഭീതിയും രാവും പകുത്തുലഞ്ഞീടുന്നു
നഷ്ടവും ശിഷ്ടവും കൂട്ടിപ്പഴേയച്ചുകൂടത്തിലിട്ട്
പോകുന്നുവോ കാലവും
എല്ലാം നിശ്ശൂന്യമെന്നാകിലും പാടുവാൻ
പുല്ലാങ്കുഴൽ തേടി നിൽക്കുന്ന വാക്കുകൾ...
Subscribe to:
Post Comments (Atom)
No comments:
Post a Comment