യുദ്ധം
Rema Pavizhamally
January 10, 2022
10.46 PM
ആരുമൊന്നുമറിയില്ലെയെങ്കിലും
നേരതാണൊരു യുദ്ധമുണ്ടുള്ളിലായ്
പോരടിക്കും മനസ്സും ഹൃദയവും
ചോരവാർന്നുതളർന്നു വീഴുംവരെ
ചോദ്യമെന്നുമുണ്ടാകും മനസ്സിന്
നീതിഗർജ്ജനം കൂടെയുണ്ടായിടും
പാതിചാരിയനാലറയ്ക്കുള്ളിലെ
ലോലസ്പന്ദം ഹൃദയമറിഞ്ഞിടും
വേണ്ട വേണ്ടെന്ന് ചൊല്ലിക്കലഹിച്ച്
വേണ്ട വേണ്ടെന്ന് വീണ്ടും പറഞ്ഞിടും
കല്ലെറിയേണ്ട, മുള്ളുവാക്കും
വേണ്ട
കണ്ട് നിൽക്കേണ്ട പിന്നോട്ട്
നീങ്ങുക.
ഒന്ന് മെല്ലെത്തുടിയ്ക്കും സരോവരം
മറ്റതോ വന്യസാഗരകന്യക
രണ്ടുമെന്നുമോരോവിധ സങ്കട-
ച്ചിന്ത് പാടിയുണർന്നുവരുന്നവർ.
കാറ്റിലെ കിളിക്കൂടുകൾ പോലവ,
ആർത്തലയ്ക്കും കടലിന്നിരമ്പവും,
നോക്കിനോക്കിയിരിക്കെ വെയിൽ-
മഴച്ചാറ്റൽ പോലത് മങ്ങും, തിളങ്ങിടും
എന്തിനാണിവരിങ്ങനെയുള്ളിലായ്
ശണ്ഠകൂടുന്നെതെന്നുമിതേ വിധം
മിണ്ടുവാനും തൊടാനാനുമാവാവിധം
രണ്ട് ഭൂമിയുണ്ടുള്ളിൻ്റെയുള്ളിലായ്
No comments:
Post a Comment