January 12, 2022
വഴി പിരിഞ്ഞ നാൾ
Rema Pisharody
വഴി പിരിഞ്ഞ നാൾ നീയെനിക്കേകിയ
ഹൃദയമാണിത് ചോന്ന പൂവാണിത്
എവിടെ ഞാനിന്നുപേക്ഷിച്ചു പോകുമീ
മിഴിയടച്ചോരു പ്രാണൻ്റെ പക്ഷിയെ
ചിറക് നീർത്തിപ്പറക്കുവാനാകാതെ
മഴ നനഞ്ഞു ഞാൻ ഒറ്റയ്ക്കിരിക്കവെ
പിരികയാണെന്ന് പറയാതെ ദൂരെയാ
മല കടന്നു നീ യാത്ര പോയീടവെ
മഴകൾ പെയ്തൊരാ മദ്ധ്യവേനൽ കടന്നി-
വിടെ ഞാനിന്നുറഞ്ഞുപോകുന്നുവോ
നിളയിലൂടെ നടnnനുപോകും വഴി
പതിയെ സൂര്യൻ മറഞ്ഞു പോകുന്നുവോ
വെറുതെ ഞാനീ മണൽപ്പരപ്പിൽ നിന്ന്
ചിറകുണർത്തുന്ന മേഘമാകുന്നുവോ
വിടപറയുവാനാകതെ നിൽക്കുമീ
മഴയിലൂടെ നടന്നു ഞാൻ പോകവെ
പതിയെ, കൈയിലായ് ആരോ തൊടുന്ന പോൽ
മിഴിയിലായ് സന്ധ്യ കൂടുകൂട്ടുന്നപോൽ
വിരലിലാരോ തൊടുന്ന പോൽ നെറ്റിയിൽ
കുളിരുമായ് തലോടുന്ന മാതിരി
വഴി പിരിഞ്ഞ നാൾ നീയെനിക്കേകിയ
പ്രണയമാണിത് ചോന്ന പൂവാണിത്
മിഴികൾ പൂട്ടി നീ യാത്ര ചോദിക്കുന്നു
പ്രണയമേ
ഞാനുമെന്ത് പറയുവാൻ
No comments:
Post a Comment