Saturday, January 29, 2022
ഒരു സ്വകാര്യം
പറഞ്ഞു തീരാത്ത കഥകളുമായ്
ഇനിയുമെത്തിടും പകലിരവുകൾ
പതിയെയാരോടും പറയരുതെന്ന്
പലകുറി പറഞ്ഞുലഞ്ഞുലഞ്ഞത്
തിരികെയെത്തിടും തിടുക്കത്തിലൊരു
മതിലുടച്ചിടും മറഞ്ഞു പോയിടും
ഒരു വഴിയാത്ര മുകളിലായ് സൂര്യഗൃഹം!
കനൽ തൂവി തിളങ്ങും പാതകൾ
അരികിലായ് ഗോത്രപവിത്രത, മുല്ല-
മലരുകൾ, ശബ്ദരഹിതശൂന്യത
വിദൂരഗ്രാമങ്ങൾ പഴയ പാട്ടുകൾ
സു:സ്പനഭൂവിന്റെ തെളിഞ്ഞൊരാകാശം
വയലിൽ ഞാറുനട്ടുണർത്തുപാട്ടുകൾ
പറന്നു നീങ്ങുന്ന ഹൃദയമൈനകൾ..
ഒരു രഹസ്യമീമയിൽപ്പീലിയ്ക്കുള്ളിൽ
അവിടെയാകാശമത് കാൺക വേണ്ട
പതിയെ ചൊല്ലിയ സ്വകാര്യമാണിത്
നിറയെ മഞ്ചാടിക്കുരു തൊടിയിലായ്
മിഴി തൊട്ടാവാടിയടച്ചു ബാല്യത്തെ
അതിശയത്തിന്റെ കൊടുമുടിയേറ്റി
ഒരു സ്മൃതി, യാത്ര സ്വകാര്യമീ,മുടി-
യിഴയിൽ നക്ഷത്രക്കുരുന്നുറങ്ങുന്നു
പുതിയ സ്ലേറ്റിലെ തിരുവെഴുത്തുകൾ
വിരൽ തൊട്ട കോലുമഷിത്തണ്ടിൻ ഗന്ധം
കനത്ത ചെമ്മണ്ണിലൊരു ചിത്രം പോലെ
വഴിയടയയാളം ഇലത്തളിരുകൾ
ഇലപ്പൊതികളിൽ രുചിയൊരിക്കലും
മറക്കാത്ത സ്നേഹസുഗന്ധവുമുണ്ട്..
വഴിയിതു തന്നെ സ്വകാര്യമായ് നെയ്ത-
നുണകളാധികൾ,കുറുമ്പുകളെല്ലാം
സ്വകാര്യമാണിത് പറയരുതിത്;
വരും ദൈവം സ്വപ്നവഴികളാരോടും
കിണറ്റിൽ നിന്നാദ്യം പ്രഭാതത്തിൽ കോരും
ജലത്തിലുണ്ടത്രെ അമൃതു തുള്ളികൾ
പല സ്വകാര്യങ്ങൾ, പലയെഴുത്തുകൾ
പലതുമോർമ്മകൾ, പവിത്രബന്ധനം
ഇതാണ് ബാല്യത്തിൻ ഖനി, ഋതുക്കളിൽ
വസന്തമാകുന്ന സ്മൃതിയിതളുകൾ..
Rema Pisharody
January 29, 2022
Subscribe to:
Post Comments (Atom)
No comments:
Post a Comment