Wednesday, January 5, 2022

 January 4, 2022

മൗണ്ടൻ ഫ്ളവർ

 

അന്നവിടെ നിലാവിൻ്റെ ചില്ലയിൽ

സന്ധ്യവന്നു കൊരുത്തു താരങ്ങളെ

ചന്ദനമരഗന്ധവുമായൊരു തെന്നൽ

വന്നു തഴുകിക്കടന്നുപോയ്

ഞാനിരുന്നതിനപ്പുറം കണ്ണിലെ ശോക-

മെല്ലാമൊതുക്കിയിയ പോലൊരു

ഗായകൻ വന്നു, പാടാനുമാവാതെ

രാഗമാമധുവന്തി നിശ്ശബ്ദമായ്

വേദിയിൽ വിളക്കേന്തി നിൽക്കുന്നൊരു

ബാലിക പാടിയാരോഹണസ്വരം

കാറ്റതിൻ്റെയവരോഹണം പാടി

പൂത്തുലഞ്ഞുമധുവന്തിയാകവെ

തേനുപോലെ മധുരം കിനിയവെ

പ്രാണനിൽ തൊട്ടുനിന്നു നിലാവൊലി

പ്രേമഗന്ധം നിറഞ്ഞസായാഹ്നത്തിൽ

ദൂരെയോടക്കുടൽ തൊട്ടു കാടുകൾ

ബെട്ടതെ മേലേ ഹൂവ് തേടി പോയ

കൊച്ച് ബാലനോ രാജകുമാരനായ്

മായികക്കാഴ്ച്ചയെന്ന പോലാഘോഷ

വേളയെല്ലാം നടന്ന് തീർന്നെന്നപോൽ

പാടുവാൻ ശ്രുതിയെല്ലാം കഴിഞ്ഞപോൽ

നാദവാദ്യങ്ങൾ മുക്തായ  തീർത്തപോൽ

ശോണതന്ത്രിയിൽ സ്പന്ദനനമന്ത്രങ്ങൾ

സ്നേഹമെന്ന പൂക്കാലം വിടർത്തിയ

ആ ഹൃദയമോ മൗനത്തിലേയ്ക്കൊരു

ഏകസഞ്ചാരപാതതിരഞ്ഞുപോയ്

സ്നേഹഗായകൻ തൊട്ടുപോകും സ്വരം

സ്നേഹഗായകനായ് സാന്ത്വനമായി

No comments:

Post a Comment