January 6, 2022
ഇന്ദ്രജാലം
Rema Pisharody
Time 7.17 PM
എത്രവേഗത്തിലാണോരോ ദിനങ്ങളും
ശബ്ദമില്ലാതെ നടന്നുമായുന്നതും
അന്തിത്തിരിക്കനൽ തൂവുന്ന സന്ധ്യയെ-
മഞ്ചത്തിലേറ്റിയാ രാവുപോകുന്നതും
കച്ചകൾ കെട്ടിത്തളർന്നതും വേഷങ്ങൾ
ഇത്തിരിനേരം നിലാവുനുകർന്നതും
വാദ്യങ്ങളെല്ലാം നിശ്ശബ്ദമാകുന്നതും
പാതിരാവാകെ തളർന്ന് പോകുന്നതും
ഞാനോ നിരാശയെ നീറ്റിനീറ്റിത്തളർന്നാറ്റു-
വക്കിൽ കൊണ്ട് തർപ്പണം ചെയ്തതും
കുന്നിക്കുരുക്കളും മഞ്ചാടിയും
പകുത്തെന്നോ
മരിച്ച ബാല്യത്തിനെ കണ്ടതും
അങ്ങനെയങ്ങനെ പോകവെ മൗനത്തിലെന്നെ
പുഴക്കിക്കളഞ്ഞതും, വേർപെട്ട
പുല്ലാങ്കുഴൽസ്വരം കേട്ട മുളങ്കാട്ടിലിന്ന്
നീ കൃഷ്ണ! മറഞ്ഞിരിക്കുന്നുവോ?
No comments:
Post a Comment