Thursday, January 28, 2010

ഇരുള്‍ മുടിയഴിച്ചുതുള്ളും രാത്രി

ഇരുള്‍ മുടിയഴിച്ചു തുള്ളും
നിശീഥിനി
നിന്നെയെനിക്കു ഭയമില്ല
നി‍ന്‍ കറുപ്പിന്‍ വ്യാപ്തി
നീയിന്നും സൂക്ഷിക്കുന്നു
മുഖപടങ്ങള്‍‍
മാറ്റമില്ലാതെ സൂക്ഷിക്കുന്നു
നിന്നെയെനിയ്ക്കു ഭയമില്ല തെല്ലും
നിന്‍ കറുപ്പിന്‍
വ്യാപ്തിയൊഴുക്കാന്‍
സാഗരങ്ങള്‍ക്കാവില്ല
മുടിയഴിച്ചു തുള്ളി
നീയെറിയും വാഗ്ഘോഷത്തിന്‍
മുഴക്കം മാത്രം നിന്റെ സ്വന്തം
അതിനര്‍ഥമുറങ്ങും നിഘണ്ടുവില്‍
നീയെഴുതുമര്‍ഥരഹിത വാക്കില്‍
നിന്‍ കറുപ്പിന്‍ വ്യാപ്തിയെ
ഞാന്‍ കാണുന്നു ‍
നിനക്കുറങ്ങാനാവില്ലത്ര
കറുപ്പുണ്ടുള്ളില്‍
കാലഹരണപ്പെടില്ലത്
വര്‍‍ഷങ്ങങ്ങള്‍ കഴിഞ്ഞാലും
നിന്‍ കറുത്ത
വസ്ത്രാഞ്ചലമഴിയില്ലൊരിക്കലും
ഇരുള്‍‍ മുടിയഴിച്ചു തുള്ളും
നിശീഥിനി
നിന്നെയെനിക്കു ഭയമില്ല തെല്ലും
നീയുറുങ്ങും നാളില്‍
നിന്‍ കറുപ്പൊടുങ്ങും നാളില്‍
താരാപഥത്തില്‍ ഞാനൊരു
വിളക്കു തെളിയിക്കും

No comments:

Post a Comment