Thursday, October 18, 2012

 മൊഴി
 
എത്ര ഋതുക്കൾ തടം തീർത്തു
പാകിയതെത്ര നിഴൽ
പിന്നെയത്രയും കാലമെൻ
ജാലകവാതിലിലെത്തി
നിന്നോരു പുരാണങ്ങൾ
കണ്ടുകണ്ടെത്രദിനങ്ങൾ
നടന്നൂ, മറന്നുതീർന്നെത്ര
മുഖങ്ങൾ, ശിരോപടങ്ങൾ
പിന്നെയത്രയും താഴ്ന്ന
പതാകകൾ, തീരങ്ങളെത്തി
നിൽക്കും മുനമ്പേറിയ സാഗരം
എന്നേ ഗ്രഹങ്ങൾ ചുരുക്കും
മിഴിക്കുള്ളിലൊന്നൊഴിയാതെ
നിരന്നൊരാകാശവും
മിന്നിത്തിളങ്ങിയെൻ
സന്ധ്യാവിളക്കിലായ്
വന്നുനിറഞ്ഞൊരാ
നക്ഷത്രഭംഗിയും
ഇന്നും മൊഴിക്കുള്ളിലേറും
മനസ്സിന്റെ വിങ്ങലും
ചില്ലുപാത്രത്തിലെയശ്രുവും
കണ്ടുകണ്ടേന്നേ നിറഞ്ഞ
ഹൃദ്സ്പന്ദത്തിലിന്നും
മരിക്കാതെനിൽക്കും സ്വരങ്ങളേ
എത്രനാളെത്രനാളഗ്രഹാരങ്ങളിൽ
നിത്യജപത്തിലായ് നിൽക്കുമാ
സന്ധ്യയിൽ
കത്തുന്നൊരഗ്നിയിൽ
വീണ്ടും സ്ഫുടം ചെയ്തു
ഹൃത്തിൽ നിറച്ചാലുമെന്റ
സർഗങ്ങളെ....

No comments:

Post a Comment