Tuesday, October 2, 2012

 മൊഴി

ശ്രുതിതെറ്റിവീണസ്വരങ്ങളെ
ചേർത്തുവച്ചൊഴുകീ കടൽ,
താരകങ്ങൾക്കുമപ്പുറം
പഴയ നൂറ്റാണ്ടുകൾ
നൂൽനൂറ്റചക്രത്തിലൊഴുകി
നിറക്കൂട്ടുകൾ തീർത്തവിഭ്രമം...

കവിതയെ ചേർത്തുവച്ചൊരു
ചില്ലുകൂടിന്റെ നിറുകയിൽ
ഭൂപാളമൊഴുകീ, ഋതുക്കളിൽ
മഴപെയ്തു വീണ്ടും തളിർത്തു
സ്വരങ്ങളും...

അരികുകൾ തേഞ്ഞുതേഞ്ഞൊരു
ധ്വജസ്തൂപത്തിലൊഴുകീ
പുറം മോടികൾ തീർത്ത 

ചിഹ്നങ്ങളെഴുതിയും
മുദ്രകൾക്കുള്ളിൽ ചുരുക്കിയും
കവിതയും മാഞ്ഞു
കനൽക്കൂട്ടുകൾക്കുള്ളിലെരിയുന്നു
രാജ്യവും രാജസങ്കല്പവും...

പഴയനാരായങ്ങളൊരു
വ്യോമഭിത്തിയിൽ
എഴുതീ മഹാവേദഭാവങ്ങൾ
നക്ഷത്രമിഴിയിലായ് മിന്നും
പ്രകാശം പലേ കാലമൊരു
സന്ധ്യ കൈയാലെടുത്ത
വിളക്കുകൾ..

മൊഴിതേടിനിന്നു സ്വരങ്ങൾ
വിരൽതുമ്പിലൊഴുകീയപൂർവഗാനങ്ങൾ
നിറം തെറ്റിയെഴുതിനീങ്ങും
കാലഭാവങ്ങളിൽ നിന്നുമകലേയ്ക്ക്
നീങ്ങുന്നൊരുൾക്കടൽ പിന്നെയീ
മിഴിയിൽ നിറഞ്ഞു മറഞ്ഞ
സംവൽസരങ്ങളിലെഴുതി
തുടങ്ങിയൊരക്ഷരപ്പൂവുകൾ
എഴുതിതുടങ്ങിയ
നക്ഷത്രകാവ്യങ്ങൾ..

No comments:

Post a Comment