Wednesday, October 10, 2012

നക്ഷത്രങ്ങളുടെ കവിത

ജാലകചില്ലുടഞ്ഞാദിസ്വരം
തെറ്റിയേതോഗ്രഹങ്ങളീ
ഭൂമിയെ ചുറ്റുന്നു
എത്രദിനങ്ങളുപഗ്രഹച്ചിറ്റുകൾ
കുത്തുവിളക്കുകെടുത്തീ
മഴക്കാറിലെത്രയോ
സന്ധ്യകൾ വിങ്ങീ,
നെരിപ്പോടിലെത്രദിനങ്ങൾ
പുകഞ്ഞുതീർന്നു...
വീണ്ടുകീറും ചുമർഭിത്തിയിൽ
ചായത്തിനെണ്ണമില്ലാത്ത
പകർപ്പുകൾ, കണ്ടുകണ്ടെന്നേ
മിഴിയ്ക്കുള്ളിലേറി കടൽ
പിന്നെയൊന്നുമാത്രം
വിരൽതുമ്പിലായ് തൂവലിൻ
സൗമ്യസ്പർശങ്ങളായ്
വീണ്ടും വളർന്നതിൽ
നിന്നും തളിർത്തക്ഷരങ്ങൾ
പ്രദോഷങ്ങളെണ്ണി
രുദ്രാക്ഷങ്ങൾ നീങ്ങി
മനസ്സിലായ്..
ചുറ്റും പറന്നു പലേദിക്കുകൾ,
മുകിൽക്കെട്ടുകൾ തേടീ
ശരത്ക്കാലഗദ്ഗദം
കെട്ടുകൾ തീർക്കും
ഋണപ്പാടുകൾക്കുള്ളിലെത്ര
ഹൃദ്സ്പന്ദങ്ങളെത്രയോ സർഗങ്ങൾ
കത്തുന്നുവോ കടൽ
ചക്രവാളത്തിന്റെ ചിത്രങ്ങളെത്ര
മനോഹരം; പിന്നെയീ
കുത്തുവിളക്കുമായ്
നക്ഷത്രകാവ്യങ്ങളെത്തിനിൽക്കുന്നതിന്നേതു
മുനമ്പിലായ്..

No comments:

Post a Comment