Saturday, October 6, 2012

 നക്ഷത്രങ്ങളുടെ കവിത

കഥപറയുമാൽമരത്തണലും
കടന്നതിൻ നിഴലും കടന്നുനീങ്ങും

വഴിക്കരികിലായ്
മഴവീണുവീണ്ടുമീയുദ്ധ്യാനമതിൽ
നിന്നുമൊഴുകും മൊഴിയ്ക്കുള്ളിലെ
തീർഥമുത്തുകൾ...
പഴയകാലം കടന്നാദിവേദത്തിന്റെ
നിറുകയിൽ തൊട്ടുനടന്നുനീങ്ങും
ശിരോകവചങ്ങൾ കണ്ടുകണ്ടീന്നീ
മിഴിയ്ക്കുള്ളി
ലെരിയുന്നു സന്ധ്യകൾ
കവിതയെന്നോ, മനസ്സതിലൂടെയൂറുന്ന
പ്രണവമെന്നോ ഞാനുമറിയുന്നുമില്ലയീ
ചലനം നിലയ്ക്കാത്ത വിശ്വഗോളത്തിന്റെ
ശ്രുതിയിലെൻ ഹൃദ്സ്പന്ദനങ്ങൾ തുടുക്കുന്നു.


ഒരു നാളിലീക്കടൽത്തീരത്തിലൊഴുകിയ
ലയവാദ്യ,മാവർത്തനം മറക്കുന്നു ഞാൻ
ഒരുദിക്കിലൊരു മണ്ഡപത്തിലെ
കൽ വിളക്കതിലൂടെ ഗ്രാമമുണർന്നുവരും
ചിത്രമതിനരികിലുത്സവം മുദ്രകൾക്കരികിലായ്
തെളിയു
തന്നഗ്നിഗോളങ്ങൾ, വിളക്കുകൾ
കരിയുന്നതേതു സങ്കല്പം?പുകപ്പാടിലൊഴുകി
നീങ്ങുന്നതിന്നേതുമഹാകൃതി?
അണിയറയിൽ തീർന്നു നാടകം
പിന്നെയാ തിരശ്ശീലയിൽ
തിരനോട്ടവുമാട്ടവും;
അരികിൽ മുഴങ്ങും മിഴാവുകൾ
കടലിന്റെ ഹൃദയത്തിനുള്ളിൽ
നടുങ്ങുമുടുക്കുകൾ..
എഴുതിയും തീർത്തും
നിറഞ്ഞോരു വിഹ്വലച്ചരടുകൾ
ചുറ്റി ഗ്രഹങ്ങൾ നീങ്ങും വഴിയ്ക്കരികിലായ്
മിഴിപൂട്ടി മന്ത്രം ജപിയ്ക്കുന്ന
മൊഴിയിലെയാകാശനക്ഷത്രകാവ്യമേ
ഉണരുക വിണ്ടുമെൻ ഹൃദ്സ്പന്ദനങ്ങളിൽ...

No comments:

Post a Comment