Monday, October 29, 2012

 നക്ഷത്രങ്ങളുടെ കവിത
 
മൊഴിയിലൊഴുകീ കടൽ
ശംഖിൽ നിന്നും വിരൽതുടിതേടി
വന്നു പ്രപഞ്ചം
മഹാവേദമിതൾവിടർത്തും
വ്യോമസീമയിൽ നിന്നു ഞാൻ
മിഴിയിലെ നക്ഷത്രമെഴുതുന്ന
കവിതയിൽ നിറയെ സ്വപ്നങ്ങളെ
നെയ്തുനെയ്തിരുൾ മാഞ്ഞ
പകലിന്റെ ദീപപ്രകാശത്തിലേറിയീ
വഴികൾ നടന്നൂ പലേദിക്കുകൾ കണ്ടു
ഹൃദ്സ്പന്ദനത്തിന്റെ
ശ്രുതിയിലൊരു സർഗമായ് മാറി 

ഋതുക്കളിൽ പ്രകൃതിയെ
 ചേർത്തുവച്ചെഴുതീ
പ്രകാശത്തിനിതളിൽനിന്നും
വിളക്കേറ്റിയതിന്നരികിലൊഴുകുന്ന
കാറ്റിന്റെ ദലമർമ്മരം,
ജീവനൊഴുകുന്ന ഭൂവിൽ
തുടിക്കുന്ന ഗാനം
മഹാതത്വഭാവങ്ങളെഴുതും
മുനമ്പിന്റെ മന്ത്രം..
അരികിൽ മഴതുള്ളികൾ
വീണുകുളിരുന്നൊരരളികൾ
പുൽനാമ്പിലൂറുന്ന മുത്തുകൾ
വെയിൽ തണുക്കും
സന്ധ്യയരികിൽ,
പ്രദോക്ഷത്തിനഭിഷേകപാത്രം
നിറയ്ക്കും ത്രികാലങ്ങൾ
എവിടെയൊ മാഞ്ഞുതീരുന്ന
കാർമേഘങ്ങളരികിൽ
സമുദ്രത്തിനാന്ദോളനം
ഇടവഴിതിരിഞ്ഞുനീങ്ങും ഗ്രാമമേ;
വാനിലുണരുന്ന നക്ഷത്രകവിതകൾ
കണ്ടുകണ്ടെഴുതിയാലും
ചന്ദനം പോലെ സൗമ്യമാം
നിനവുകൾ, പിന്നെയെൻ
ഹൃദ്സ്പന്ദനത്തിലെ
ശ്രുതിചേർത്തുവയ്ക്കാം
കിഴക്കേ പ്രഭാതങ്ങളുണരുന്ന
തുളസീവനങ്ങളെ കണ്ടുകണ്ടെഴുതുന്ന
നക്ഷത്രഗാനമാകാം...

No comments:

Post a Comment