Friday, October 5, 2012

പ്രിയപ്പെട്ട മീര

നീയെഴുതിയത് വായിച്ചു..അതിലുമുണ്ടൊരു സത്യം.. ശാന്തിനികേതനമൊരു സ്വാന്ത്വനം..
എങ്കിലും പ്രതികാരഭാവം അതീവശ്രദ്ധയാൽ മറയിട്ടു സൂക്ഷിച്ച് രാജ്യം തകർക്കും പുതിയ മഹാത്മക്കളെന്ന് അവകാശപ്പെടുന്നവരെ കാണുമ്പോൾ അറിയാതെയറിയാതെയെന്നിലുണരും ഒരഗ്നിപർവതം..

എവിടെയോ അക്ഷരപ്പിശക് വന്ന കാലത്തിന്റെയൊരു ദർപ്പണമുടഞ്ഞ ചില്ലുതരികൾക്കരികിൽ, തകർന്നുവീണ ലോകസൗധങ്ങളുടെ മൺ തരികൾക്കരികിൽ, ഭൂമിയ്ക്കായ് ചില്ലുകൂടുപണിത് നാണയതുട്ടുകളുടെ കിലുക്കം തേടിപ്പോയ സ്വാർഥഹൃദയങ്ങൾക്കിടയിൽ സൗമ്യഭാവമാർന്ന കവിതകളെഴുതുക കഷ്ടം തന്നെ. എങ്കിലും വഴിയിൽ വീണ നിഴലുലച്ച ദിനങ്ങൾ വീണ്ടും വീണ്ടുമോർമ്മപ്പെടുത്തും ഒരുടഞ്ഞ മൺകുടത്തിലെ
ചിതറിയ കുറെ മൺ തരികളിൽ  നിന്നുണരും പവിഴമല്ലിപ്പൂവിതളിൽ ശരത്ക്കാലത്തിൻ കവിതയെഴുതാൻ  മീര നിനക്ക് മാത്രമേ കഴിയൂ.

നക്ഷത്രങ്ങളുടെ പ്രകാശത്തിനപ്പുറം  റാന്തൽ വിളക്കുകളിലെ
ചില്ലുമൂടിയിൽ നിറയും പുകക്കരിപോലെ എന്നെ ചുറ്റിയ
ചില ശിരോപടങ്ങൾ...  അവയെ കുറിച്ചോർക്കുമ്പോൾ, അവയുടെ അരാജകഭാവം കാണുമ്പോൾ എന്റെ മിഴിയിൽ അഗ്നിസ്ഫുലിംഗങ്ങൾ പാറുന്നതിടയ്ക്കിടെ കാണാനാവുന്നു..

മീര നിന്റെ കവിതകളെനിയ്ക്കൊരാശ്വാസം
നീയെഴുതുന്നതുമൊരു ശാന്തിനികേതനകൃതി..
എനിക്കറിയാം നിന്നെ മനസ്സിലാക്കാത്ത ലോകത്തോട് നിനക്കൊരു കടപ്പാടുമാവശ്യമില്ല..
നിന്റെ കവിതയെ ഉന്മൂലനം ചെയ്യാനൊരുങ്ങിയവരോട് നിനക്ക് കൃതാർഥതയുമാവശ്യമില്ല..

നീയെഴുതിക്കൊണ്ടേയിരിക്കുക..
ആകാശവാതിലിലെ ദൈവം നീയെഴുതുന്നതു വായിക്കും,
അതിലെയാത്മാർഥത മനുഷ്യകുലം കണ്ടില്ലെന്ന് നടിച്ചേയ്ക്കും..
ദൈവത്തിനു നാട്യങ്ങളാവശ്യമില്ല..
മീര, നിന്റെ ഹൃദ്സ്പന്ദനത്തിലെ കാവ്യസ്പന്ദങ്ങളിൽ ആകാശവാതിലിലെ ദൈവം അമൃതു തൂവട്ടെ..
ഗായത്രി..

No comments:

Post a Comment