Thursday, October 4, 2012

 നക്ഷത്രങ്ങളുടെ കവിത...
 
മിഴിയിൽ കസവിട്ടു
വിടർന്നു നക്ഷത്രങ്ങൾ
അരികിൽ കടൽ നിന്നു
ചക്രവാളത്തിന്നിതളടർന്നു
വീഴും നേരം മഴയും വന്നു
പിന്നെയൊരിക്കൽ
കടലോരഗ്രാമങ്ങൾ 
ചിദംബരമുണരും വഴി തേടി

നടന്ന പ്രഭാതത്തിൽ
പ്രതിഷ്ഠാമന്ത്രം തെറ്റിയോർമ്മകൾ
സോപാനത്തിനൊതുക്കിൽ
മിഴിപൂട്ടിയിരുന്നു
നിശ്ശബ്ദമായ്...


അരികിൽ ലോകം നീങ്ങി
തകർന്ന രാജ്യത്തിന്റെയതിരിൽ
സംഘർഷത്തിൻ 

വലകൾ നെയ്തു യുഗം..
കനൽതുണ്ടുകൾ കൈയിലേറ്റിയ ഭൂമി
ശാന്തിവനങ്ങൾ തേടിതേടി
തളരും സായാഹ്നത്തിൽ
അശോകപ്പൂക്കൾ ചൂടി
സന്ധ്യതന്നിതൾചെപ്പിൽ
ശരത്ക്കാലത്തിൻസ്വർണ്ണതരികൾ
തിളങ്ങീയെൻമിഴിക്കുള്ളിലെ
കടലോർമ്മകൾ നീറ്റി
ചില്ലുകുടത്തിൽ നിറച്ചുപ്പുകണങ്ങൾ

പിന്നെ യാത്രമറന്ന സങ്കല്പങ്ങൾ
നക്ഷത്രമിഴിക്കുള്ളിലെഴുതീ
മനോഹരമാമൊരുസർഗം
സ്വപ്നമുറങ്ങീയതിലൊരു
സ്വരമായ്, സംഗീതമായ്....

No comments:

Post a Comment