Wednesday, October 17, 2012

 നക്ഷത്രങ്ങളുടെ കവിത

വേരുകൾ തകർന്നാദിമൂലത്തിലൊരു
മഹാവേദത്തിനിതളിൽ
ഞാൻ തിരഞ്ഞക്ഷരങ്ങളെ...
കനവിൽ നക്ഷത്രങ്ങളുണർത്തീ

വിരൽതുമ്പിനരികിൽ മന്ത്രിക്കുന്ന
കടലിൻ സ്വരങ്ങളെ..
യുഗങ്ങൾ ഭാഗിച്ചൊരു
ചതുർകാലത്തിൻ
ശിരോപടങ്ങൾ നീങ്ങും
ഭൂവിന്നാർദ്രമാം സംഗീതത്തിൽ
മഴതുള്ളികൾ ശ്രുതിയിട്ടുനിൽക്കവെ
ഞാനുമുണർന്നു വീണ്ടും
വിൺതാമരകൾക്കരികിലായ്
അരികിൽ പഴയൊരു ദിനത്തിൻ ദൈന്യം,
ക്ഷേത്രമതിൽക്കെട്ടുകൾ
കണ്ടുതീർന്നോരു നൂറ്റാണ്ടുകൾ
എഴുത്തക്ഷരങ്ങളിലെണ്ണെവീണതിൽ
ഹോമപ്പുരകൾ പണിതെത്ര
യാഗകുണ്ഡങ്ങൾ
മാഞ്ഞുതകർന്നസ്വപ്നങ്ങൾതൻ
പുനരാവൃത്തം, മിഴിയതിലായ്
വിരിഞ്ഞോരു മഴപ്പൂവുകൾ
മൊഴിയതിലായ് തളിർത്തോരു
പാരിജാതങ്ങൾ
പഴേ ദിനങ്ങൾ മാഞ്ഞൂ
സന്ധ്യാവിളക്കിന്നരികിലായെഴുതിതുടങ്ങി
ഞാൻ നക്ഷത്രസർഗങ്ങളെ...

No comments:

Post a Comment