Wednesday, October 3, 2012

 മൊഴി
 
മൊഴിയിലെ സ്വപ്നങ്ങളേ
കാവ്യസ്പന്ദത്തിനാർദ്ര
സ്മൃതിയിൽ പൂക്കാലങ്ങൾ
വിരിയിച്ചാലും
പലേ വഴിയിൽ
തുരുമ്പേറ്റി നിഴലും മാഞ്ഞു
സ്വർണ്ണതരികൾ നക്ഷത്രങ്ങൾ
ഭദ്രമായ് സൂക്ഷിക്കുന്നു....


വിരലിൽ വിതുമ്പുന്ന
ഹൃദ്സ്പന്ദനത്തിൻ
തുടിയിടയ്ക്കയ്ക്കുള്ളിൽ
ശാന്തിമന്ത്രമായുറങ്ങുന്നു
ഉടഞ്ഞ രുദ്രാക്ഷങ്ങൾ
ചിതറും സദാചലമിഴിയിൽ
വിഭൂതിതൂവുന്നുവോ
പകലുകൾ..


വിടരും സന്ധ്യാവിളക്കതിനും മന്ത്രം
പിന്നെയെഴുതിപ്പെരുക്കിയ
ശൂന്യഗോളങ്ങൾചുറ്റിത്തിരിയും
ലോകത്തിന്റെയാസ്ഥിപത്രങ്ങൾക്കുള്ളിൽ
ഉറഞ്ഞുതീർന്നു
മൊഴിയ്ക്കുള്ളിലെ ദൈന്യം
ചില്ലുതരികൾക്കുള്ളിൽ
പുനർജനിച്ചൂ ഭൂപാളങ്ങൾ..


വഴികൾ തടഞ്ഞാദിമന്ത്രങ്ങളുടച്ചോരു
വ്യസനം പോലും 

ഹോമപാത്രങ്ങൾ മായ്ച്ചൂ 
പിന്നെയരികിൽ
ശേഷിച്ചതൊരിലച്ചീന്തിലായ്
ഭൂമിയെഴുതിതന്നോരക്ഷരത്തിന്റെ
മാഹാത്മ്യങ്ങളതിന്റെയരികിലോ
ക്ഷീരസാഗരകാവ്യം....

No comments:

Post a Comment