Friday, October 5, 2012

പ്രിയപ്പെട്ട ഗായത്രീ

ഇന്നു ഞാനെഴുതുമ്പോൾ കൃത്രിമനിറങ്ങൾ തൂവി വികലമാക്കിയ എന്റെ രാജ്യപതാകയിലെ ഓറഞ്ചുവർണ്ണം എന്നോടുപറഞ്ഞു
കത്തുമഗ്നിതൂവിയെഴുതിയ സ്വാതന്ത്ര്യം എന്ന മഹനീയമാം വാക്കിന്റെയൊരക്ഷരം പോലുമതിനരികിലിരിക്കും സാമ്രാജ്യപാലകർക്കറിയില്ലല്ലോ
മധുരമാം സ്വരത്തിൽ അതിനരികിൽ മരാളവർണ്ണം പറയുന്നു പ്രകൃതിയുടെക്ഷരങ്ങളിലൂടെ നടന്നു നീങ്ങുമ്പോൾ എത്ര മനോഹരമീയകൃത്രിമവർണ്ണമെന്നും തോന്നിപ്പോകുന്നു. അതിനരികിൽ വെൺപട്ടുചുറ്റിയ ആകാശം.

ഗായതീ, മനസ്സിലെ ശൂന്യതയിൽ നിന്നൊഴുകും വാക്കുകൾ മഴതുള്ളിപോലെയുണരുമീ സായാഹ്നത്തിൽ നീയെഴുതും സംഘർഷങ്ങളുടെ പുസ്തകം ഞാൻ വായിക്കുന്നു.  വീണ്ടും പുതിയ മഹാത്മക്കൾ യുദ്ധം ചെയ്യും രാജ്യത്തിൻ പതാകയെ ഞാനലമാരയിൽ ഭദ്രമായ് സൂക്ഷിക്കുന്നു.
വിളംബകാലകൃതിയിലേയ്ക്കായ് പണ്ടെങ്ങോ കുറെ സ്വരങ്ങൾ നടന്നുനീങ്ങിയ ഉദ്യാനത്തിനൊരരികിൽ അരയാൽത്തറയിൽ നിഴലുറങ്ങിയിരിക്കുന്നു.

മധുരമായൊരു മർമ്മരം കാറ്റിലൊഴുകുന്നു. മുളം തണ്ടുകളുലയുമ്പോൾ തുടർന്നെഴുതാനൊരു ശാന്തിനികേതനം മെല്ലെയരികിലുണർന്നുവരുന്നു.
അതിർകടന്നെത്തും അനധികൃതനൊമ്പരങ്ങൾ ഇന്നെന്നെ വിഷമിപ്പിക്കുന്നേയില്ല. എനിക്കെഴുതാനൊരു ഭംഗിയുള്ള പുസ്തകം ആധുനികശാസ്ത്രംകൈയിലേകിയിരിക്കുന്നു. വിരൽതുമ്പിൽ വിസ്മയം പോലെ നൂറ്റാണ്ടുകൾ നടന്നുനീങ്ങുമ്പോൾ ഗായത്രീ എനിയ്ക്കറിയാം ചരിത്രത്തിന്റെയേടുകളിൽ നിന്നിനിയും ഒരു ഗ്രഹദൈന്യം ഭൂപർവങ്ങളുടെ പൂക്കാലങ്ങളെ കരിയിക്കാനൊരുങ്ങിയേക്കും.. അതീവമധുരമായ വാക്കുകളൊഴുകും ശാന്തിനികേതനകൃതികൾ
എന്നെ വിസ്മയിപ്പിക്കുന്നു.. അതിനരികിലതിരേറിയാക്രമിച്ച ഒരു കുലത്തെയറിഞ്ഞുപോയതിൻ ഒരു രോഷവും ഇടയ്ക്കിടെയുണ്ടാവുന്നു..

പ്രവർത്തികളുടെ ഭാണ്ഡങ്ങൾ വലുതായി രാജ്യമുടച്ചുതീർത്തിരിക്കുന്നു.. വാക്കുകൾ തൂവലുകളാലെന്നെ മൃദുവായി തലോടിക്കൊണ്ടിരിക്കുന്നു..
ഗായത്രീ നീയെഴുതുന്നത് ശരിതന്നെ..ചില ശരികൾ തെറ്റെന്ന് വാദിക്കുമാൾക്കാരാണു ചുറ്റിലും. അതിനാൽ എനിയ്ക്കിപ്പോൾ
കവിതയുടെ ലോകത്തിലൂടെ നടക്കാനാണിഷ്ടം.  അധികാരത്തിനതിയാശയുടെ കോലാഹലങ്ങൾ മുഴങ്ങും  അരങ്ങുകളിലെ നാടകങ്ങൾ  എത്ര വിരസമായിരിക്കുന്നു..

കവിതയൊഴുകും ആകാശനക്ഷത്രങ്ങളുടെ മിഴിയിൽ നിന്നുണരും പ്രകാശത്തിൽ എഴുതാനാവുമെന്നൊരു വിശ്വാസം എന്നിലുണർന്നിരിക്കുന്നു..
അതിനുമപ്പുറമൊരു ലോകം സ്വപ്നങ്ങളിൽ  നിന്നുപോലുമകന്നു പോയിരുക്കുന്നു..

വിളക്കുകൾ തെളിയും സന്ധ്യയിൽ വിരലുകളിൽ സാമവേദാഗ്നി തൂവുമക്ഷരങ്ങളിൽ ഞാനെഴുതുമ്പോൾ ഗായത്രീ, ഓരോ ദിനവും ഒരു
കാവ്യഭാവമാവുന്നു.. അതിനുമപ്പുറം തിരിയും ലോകഗോളങ്ങളോ, അതിരാക്രമിക്കും ശൂന്യഗ്രഹങ്ങളോ ഇന്നെന്റെ മനസ്സിലൊരു ചലനവും
സൃഷ്ടിക്കുന്നുമില്ല..

ഗായത്രീ, ഹൃദ്സ്പന്ദനങ്ങൾ കാവ്യമാകുമ്പോൾ നമുക്കെന്തിനൊരു പുതിയ ലോകം. ഈ ഭൂവിന്റെ മനോഹരമായ കാവ്യസ്പന്ദങ്ങളിൽ നമുക്കെഴുതിയിടാം മനോഹരമായ പ്രപഞ്ചത്തിൻ രാഗമാലിക..
മീര

No comments:

Post a Comment