Thursday, October 11, 2012

 മൊഴി
 
കഥകൾക്കപ്പുറമെ
ലോകമുണരും സ്വപ്നത്തിൽ 
മഴതുള്ളികൾ..
ജാലകമുടച്ചതിലൂടെ
പ്രകോപനത്തിൻ
നിഴൽച്ചായം തൂവി
ശാന്തമാമെൻ കാവ്യസ്പന്ദത്തിൽ
അപസ്വരങ്ങളുടെ അനന്തചിത്രമേകിയ
ശിരോപടമേ നിന്നെ
ഞാൻ മറന്നുതീരട്ടെ..
ചായക്കോപ്പകളിൽ നിറമളന്നു
തൂവിയ വർത്തമാനലിപികളിൽ
മാഞ്ഞുതീരാതെയെൻ
ഹൃദ്സ്പന്ദനങ്ങൾ
ഭദ്രമായ് സൂക്ഷിക്കുമാകാശവാതിലിലെ
ദൈവമേ നീയെൻ വിരൽതുമ്പിലൊഴുകും
കാവ്യക്ഷരങ്ങളിലമൃതു തൂവിയാലും
മനസ്സേ! സായം സന്ധ്യയുടെ
മണ്ഡപങ്ങളിൽ നക്ഷത്രങ്ങൾ
കവിതയെഴുതുമ്പോൾ
ഒഴുകിമായാത്ത കടൽ പോൽ
ശംഖിലുറങ്ങും പ്രണവം പോൽ
മുനമ്പിനരികിൽ
ഞാനിരുന്നെഴുതാം
സന്ധ്യയുടെ സങ്കീർത്തനമുത്തുകളിൽ
ജപമായുണരും ഭൂമിയുടെ
യാത്മാവിന്റെ
മൃദുഗാനങ്ങൾ...

No comments:

Post a Comment