നക്ഷത്രങ്ങളുടെ കവിത
നക്ഷത്രങ്ങളെഴുതിയ
കവിതയിലൊഴുകി
ആത്മാവിന്നനുസ്വരങ്ങൾ
പകലിൻ പട്ടടത്തീയിൽ
പട്ടുനൂലുകൾ
കത്തിയെരിയുമ്പോൾ
സമുദ്രം പറഞ്ഞുകൊണ്ടേയിരുന്നു
ഉൾക്കടലെന്നും ശാന്തം
മറയിട്ട ഗുഹാവാതിലിലെ
ശിലാലിഖിതങ്ങളപരിചിതമായ്
തീർന്നൊരു ഋതുവിൽ
എഴുത്തുമഷിയിൽ മുങ്ങി
സങ്കീർണ്ണമായ് തീർന്ന
ഹൃദയകാവ്യങ്ങൾക്കായ്
ഭൂമി പണിതു
ത്രിനേത്രാഗ്നിയിലെരിയാത്ത
ഒരു കൽശിലാസ്തൂപം
മഴയിലൊഴുകിയ
മന്ത്രങ്ങൾ ചേർത്തടുക്കി
ആഷാഢമേഘങ്ങൾ നീങ്ങിയ
ആകാശത്തിനരികിൽ
സമുദ്രചക്രവാളം
പറയുന്നുണ്ടായിരുന്നു
ഇവിടെയാണു നക്ഷത്രങ്ങളുടെ
പ്രപഞ്ചം...