Tuesday, July 31, 2012

 മൊഴി

മുദ്രകൾക്കുള്ളിൽ
മുഖപടങ്ങൾക്കുള്ളിൽ
മുഖം താഴ്ത്തിനിൽക്കും
പതാകയിലെ വർണ്ണങ്ങളേ
പൊടിതുടച്ചുമിനുക്കിയാലും
ആരവങ്ങൾക്കിടയിലും
അനീതിപത്രികൾക്കിടയിലും
മാഞ്ഞുതീരാത്ത
വെങ്കലപ്പതക്കങ്ങൾ

ഓടിട്ടുമേഞ്ഞ മേൽക്കൂരയിലെ
മേച്ചിലോടുകളുടച്ചേറിയ
ആൽ മരച്ചില്ലകളേ
ഇരുമ്പുചങ്ങലയുലയ്ക്കും
സമുദ്രത്തിനിരമ്പം
ഹൃദ്സ്പന്ദനത്തിലലിയുന്നതു
കണ്ടാലും

കസവുനൂലിലിഴചേർക്കും
സന്ധ്യാദീപപ്രകാശമേ
മുറിഞ്ഞടർന്ന പകലിനൊരിതളിൽ
ചന്ദനം തൂവിയ ദീപാരാധനയിൽ
മിഴിയിൽ നിറയും
ശ്രാവണത്തിൻ ചില്ലയിൽ വിരിയും
മഴക്കാലപ്പൂവുകളിൽ
ഗ്രഹങ്ങൾ നീർത്തിയ
ത്രിനേത്രാഗ്നിയാവഹിച്ചാലും

എഴുതിതീർക്കാത്ത
ഹൃദ്സ്പന്ദനകാവ്യങ്ങളേ
നക്ഷത്രങ്ങളുണരുമ്പോൾ
മൊഴിയിൽ ചേർത്താലും
മധുരതരമാമൊരു
ഭൂരാഗമാലിക..


No comments:

Post a Comment