Tuesday, July 24, 2012

 മീരയെഴുതുന്നു

പ്രിയപ്പെട്ട ഗായത്രീ,
 എഴുതാനൊരായിരം
വാക്കുകകൾ
നക്ഷത്രങ്ങളായ്
പ്രകാശമേകുമ്പോൾ
വൃത്തിഹീനമാം
മനസ്സുള്ളവർ
ശിഖിപക്ഷികളുടെ
തൂവലുകളാൽ
നമ്മുടെ പർണ്ണശാലകളെ
ഉലയ്ക്കാൻ ശ്രമിച്ചേക്കാം

അർഹതയില്ലാത്ത
പണതുട്ടുകളുമായ്
മദ്ധാഹ്നവും കഴിഞ്ഞ്
സായാഹ്നത്തിലെത്തിയ
ചുവന്ന ചായക്കൂട്ടിൻ
പ്രകടനങ്ങൾ
തെരുവിലെ ശ്വാനകുലത്തെ
ഓർമ്മിപ്പിക്കുമ്പോൾ
നമ്മുടെ ഭൂമിക്ക്
ചില്ലുകൂടുപണിയാൻ
ഇവർക്കെന്തർഹതയെന്നും
തോന്നിപ്പോകുന്നു..

പ്രിയപ്പെട്ട ഗായത്രീ
നീയാണു ശരി
ശരി മാത്രമേ നീയെഴുതുന്നുള്ളൂ
ആകാശവാതിലിലെ
ദൈവവുമതറിയുന്നു
നമ്മുടെ 

ഹൃദ്സ്പന്ദനങ്ങളെയുലയ്ക്കാനുള്ള
യോഗ്യത വൃത്തിഹീനമാം

 മനസ്സുകൾക്കില്ല എന്നറിഞ്ഞാലും
എന്തുകൊണ്ടെന്നാൽ
ഭൂഹൃദയസ്പന്ദനമൊരു
സമുദ്രകാവ്യം..

ഗായത്രീ,
നിനക്കെഴുതാതിരിക്കാനാവില്ല
എന്നെനിക്കറിയാം..
ഗായത്രീ
നീയെഴുതുന്നതിനരികിൽ
ഭൂകാവ്യങ്ങളെ ഒരു ശംഖിൽ നിന്നും
ആകാശമുണർത്തിക്കൊണ്ടേയിരിക്കുന്നു

No comments:

Post a Comment