Wednesday, July 11, 2012

 മൊഴി

പ്രഭാതത്തിൻ
പ്രകാശത്തിനുണർവിൽ
ശ്വാസനിശ്വാസങ്ങൾ
വിങ്ങിയ
വാത്മീകത്തിനുള്ളിൽ നിന്നും
പുറത്തേയ്ക്കൊഴുകി
സമുദ്രകാവ്യങ്ങൾ

ശംഖിലെയൊരു മുദ്രയിൽ
കാണാനായി
കടലിന്റെ കൈയൊപ്പ്

തീരത്തിലൂടെയോടി
സമുദ്രമേറിയ രഥത്തിൽ
കാണാനായി
ഒരു പുഴയുടെ
നിറം മങ്ങിയ പതാക..

നിമിഷങ്ങളുടെ
തെറ്റിയ ചിന്തകളിലുടഞ്ഞ
ശരത്ക്കാലസ്വപ്നങ്ങളുടെ
സ്വർണ്ണതരികൾ
ഒരു മഴക്കാലപ്പൂവായി
വിരിഞ്ഞുവന്നു..

ചിന്തകളിൽ
നിന്നകന്നുപോയൊരോർമ്മയിൽ
ശിരോപടങ്ങൾ നൃത്തം ചെയ്തു

ചിലങ്കയിലെ മധുരസംഗീതം
ഹൃദ്സ്പന്ദനത്തിലലിഞ്ഞ്
മനോഹരമായൊരു
കാവ്യരൂപമായി...

No comments:

Post a Comment