Tuesday, January 22, 2013

മൊഴി
 
മുറിവുകൾ ആരും കാണാതെ
മൂടിവയ്ക്കാനൊരിടമുണ്ടായിരുന്നു
അതുടച്ചാഹ്ലാദിച്ചു കുലം
മുറിഞ്ഞ തുണ്ടുകളിൽ മുളകുതരികൾ
പാകി നീങ്ങി
കുലം
മുറിഞ്ഞതൊന്നു കൂട്ടിക്കെട്ടാൻ
പരിശ്രമിക്കുന്നതിനിടയിൽ
അതുമുലച്ചു ആരവം
അതുടഞ്ഞു തീർന്നു...
മനോഹരമായ കാവ്യസ്പന്ദങ്ങളുടെ
ഓർമ്മസൂക്ഷിച്ച ഹൃദയവും
മുറിഞ്ഞു
മുറിവുകളുടെ ചില്ലുതരികൾ
ഓർമ്മയുടെയവസാനത്തെയിതളും
ഇല്ലാതെയാക്കി..
എഴുതാനിന്നെത്ര വിശാലമായ
അനുഭവങ്ങൾ
എഴുതാനിന്നെത്ര തുന്നിക്കൂട്ടാനാവാത്ത
മുറിവുകൾ..
ഉടഞ്ഞുതീർന്നതൊതുക്കിനീങ്ങുമ്പോൾ
ഒരു നിഴലുപേക്ഷിച്ച മുറിവുകൾ
ആ മുറിവിലും നീറ്റൽ
മുറിച്ചുടച്ചുലച്ചൊടുവിലെഴുതുമ്പോൾ
വിരൽതുമ്പിലൊരു നീറ്റൽ
ഉടഞ്ഞതീരാത്തതായി
ഉള്ളിൽ മനസ്സാക്ഷിയുണ്ട്
അതുടയ്ക്കാതെ സൂക്ഷിക്കാൻ
പരിശ്രമിക്കുമ്പോൾ
സഹിക്കാനാവാതെ കുലം വീണ്ടും
തൂവുന്നു ചോന്ന വിപ്ലവം
അറിവില്ലായ്മ...
എല്ലാമുടച്ചുതീർന്നിട്ടും
മനസ്സു ശൂന്യമായിട്ടും
പകതീരാതെ പുഴയൊഴുകുമ്പോൾ
സമുദ്രം മുറിഞ്ഞുതുടങ്ങിയ തീരങ്ങളിലേറുന്നു..
ആഴക്കടലിനും മുറിവേറ്റിരിക്കുന്നു..

No comments:

Post a Comment