Tuesday, January 29, 2013

 കവിതയെഴുതും നക്ഷത്രങ്ങൾ

പുരാണങ്ങളുറങ്ങും അറകളിൽ സാഗരിക തിരഞ്ഞു ഒരെഴുത്തോല.
വേദങ്ങൾ ഭാഗം ചെയ്തൊടുവിൽ അവശേഷിച്ച ഒരെഴുത്തോല.. അതിലായിരുന്നു അനാദിമന്ത്രം..
അദ്വൈതം. ...
നാനാർഥങ്ങളിലുടഞ്ഞുതീർന്ന മൺദീപങ്ങളിലെ പ്രകാശം  ഒരു നക്ഷത്രമിഴിയിലൊളിക്കുമ്പോൾ സാഗരിക സ്വർഗനരകങ്ങൾക്കിടയിലെ ഭൂമിയുടെ ഒരിതളിലെഴുതി..

സമുദ്രതീരങ്ങളിൽ തുളുമ്പിവീണ ഒരു മഴതുള്ളിയിൽ ശംഖിലെ കടൽ സ്പന്ദിക്കുമ്പോൾ കവിതയുണരുന്നതെവിടെയെന്നും സാഗരിക അറിഞ്ഞു

എഴുത്തുമഷിവീണുമൂടിയ ചന്ദനമരങ്ങൾക്കരികിൽ ഗോപുരങ്ങൾ പണിതു നീങ്ങിയ നൂറ്റാണ്ടിലൂടെ അക്ഷരങ്ങളുണർന്ന ഹൃദ്സ്പന്ദനങ്ങൾ
ചേർത്തടുക്കുമ്പോൾ ആരവം തീരാത്തതെന്തെയേന്ന് സാഗരിക ചിന്തിച്ചു..

മുഷിവു വീണ ഓർമ്മയുപേക്ഷിക്കും പോലെ, നിഴലനങ്ങും പോലെ, ഋതുക്കൾ മാറും പോല മുന്നിലൊഴുകുന്നു മനുഷ്യാവിഷ്ക്കാരങ്ങൾ.
വൃക്ഷശിഖരങ്ങളിൽ ശരത്ക്കാലം തുന്നിയ കസവ്. ഒരല്പം സ്വർണ്ണതരി..
മനസ്സിലാവും അർഥങ്ങളിൽ പോലും അനർഥത്തിനച്ചടിപ്പിശക്.. അക്ഷരങ്ങളടരും ചിലമ്പിൽ നിരതെറ്റിവീഴും ലയം.
മുറിഞ്ഞുതീർന്ന ഉപദ്വീപിനൊരതിരിൽ എഴുതിപ്പെരുക്കിയ ലോകം.

പൂവാം കുറുന്നിലയും, വിഷ്ണുക്രാന്തിയും, കറുകയും, ഉഴിഞ്ഞയും, ചെറൂളയും ചേരും രാഗമാലികയെഴുതും പ്രകൃതിയെ സാഗരിക
കണ്ടുതുടങ്ങിയ നാളിലായിരുന്നുവോ ആശങ്കാഭരിതമായ ദിനങ്ങൾ ഹോമപാത്രത്തിൽ അഗ്നിതൂവി സ്വപ്നങ്ങളെ ഹോമിച്ചുതീർത്തത്..
ചിറകുമുറിയും പർവതങ്ങൾ ഗുഹാഗഹ്വരങ്ങളിലൊളിപ്പിച്ച ദൈന്യവും സമുദ്രത്തിനിരമ്പലും കടമായെടുത്തു കണക്ക് തീർത്ത സ്വാർഥമേത്
എന്നോർത്ത് സാഗരിക ഒരിക്കൽ ദു:ഖിച്ചിരുന്നു. അമൃതു തൂവിയ മഴയിൽ ദു:ഖങ്ങളലിയിക്കുമ്പോൾ സാഗരികയുടെ ഹൃദയത്തിൻ പുസ്തകം
ഉണർന്നു..

നെരിപ്പോടുകൾ പുകച്ചുതീർന്നൊടുവിൽ ദിനങ്ങൾ യാത്രയായപ്പോൾ കാലം വെറുതെ അവിടെയുമിവിടെയുമൽപ്പം നിറം തൂവി.
അതിലാദ്യമലോസരമുണ്ടായെങ്കിലും പിന്നെയൊരു നിർവികാരഭാവവുമുണർത്താനേ  അതിനുമായുള്ളൂ.. 
വിഭൂതിക്കുടത്തിൽ നിന്നേതോ പ്രാചീനത മുന്നിലൊഴുകുന്നത് സാഗരിക കണ്ടു..

സന്ധ്യയിലൊരു ശരത്ക്കാലത്തിൽ ചുറ്റുമവ്യക്തതയിലെ വ്യക്തഭാവങ്ങൾ കണ്ടുതീർന്നപ്പോൾ ചിലസത്യങ്ങൾക്കവ്യക്തതയുണ്ടെന്ന് സാഗരികയ്ക്ക് തോന്നി..

വ്യക്തവുമവ്യക്തവുമായ ദൃശ്യങ്ങൾ..
അക്ഷരങ്ങളെ കോർത്തുവലിച്ച ശരങ്ങൾ...

ശരറാന്തലുകളുമായ് നക്ഷത്രങ്ങൾ മുന്നിൽ വന്നുനിന്നപ്പോൾ സാഗരിക മെല്ലെ പറഞ്ഞു..
വ്യക്തമാം അവ്യക്തഭാവം...
ആകാശകവിതയെഴുതും നക്ഷത്രങ്ങൾ...


No comments:

Post a Comment