Thursday, January 17, 2013

 നക്ഷത്രങ്ങളുടെ കവിത


അഗ്നിസ്പർശത്തിൻ
വിളക്കേന്തുന്ന സന്ധ്യേ
വഴിയിത്തിരിനീളും
മുൻപേയിരുളേറിടുമതിനിത്തിരി
മുൻപേ നീയെൻ
മിഴിയിലൊളിച്ചാലും
കറുകപ്പുൽനാമ്പുകൾ
ഹോമിച്ചുപുലർകാലമുണരും നേരം
നിന്നെയുഷസ്സാക്കിടാം ഞാനും
ഇടയിൽ നക്ഷത്രങ്ങൾ
കവിത രചിക്കട്ടെ
കനലിൽ കാലം കരിയിക്കട്ടെ
സർഗങ്ങളെ
മനസ്സിനറയ്ക്കുള്ളിലൊളിച്ചു

സൂക്ഷിക്കുന്ന
കടലി
നിറയട്ടെ
പാരിജാതപ്പൂവുകൾ
മഴയിൽ നെയ്തേറ്റിയ
കാവ്യത്തിൻ തുമ്പിൽ
നിന്നുമൊഴുകി മറഞ്ഞെത്ര
സ്വരങ്ങൾ, സങ്കല്പങ്ങൾ
ഇടയ്ക്കക്കുള്ളിൽ ശ്രുതിതെറ്റി
വീണൊരു ലയമൊടുങ്ങീ
ഋതുക്കളിലൊന്നിലായ്
പിന്നെ ഞാനുമെഴുതീ
സന്ധ്യേയിരുളടുത്തു വരും
മുൻപേയുറങ്ങാമിവിടെയീ
മുനമ്പിൻ തീരങ്ങളിൽ
ജപവും മന്ത്രങ്ങളും
ധ്യാനമണ്ഡപത്തിലായ്
വ്രതം നോറ്റിരിക്കുന്നു
ഹൃദയം സ്പന്ദിക്കുന്നു
കടലേറിയ ശംഖിൽ
കാവ്യങ്ങളൊഴുകുമ്പോൾ
ഉഷസ്സന്ധ്യയായ്
നിന്നെയുണർത്താം

പ്രഭാതത്തിൽ.....

No comments:

Post a Comment