Tuesday, January 22, 2013

 നക്ഷത്രങ്ങളുടെ കവിത

 മന്ത്രങ്ങൾ തെറ്റും പ്രഭാതങ്ങളിൽ
പഴേയാഗമന്ത്രങ്ങൾ
പുനർജനിക്കുന്നെന്റെ
ഹൃദ്സ്പന്ദത്തിൽ...


വഴിയിലുടയും മനസ്സേ
കണ്ടുതീർന്ന നിറങ്ങൾക്കരികിൽ
ഞാനെഴുതാമഗ്നിചുറ്റിയരികിൽ
തപസ്സിലായ് നിൽക്കുന്നു
പുരാണങ്ങൾ....




എത്ര കൃത്രിമത്വമീ
നിറങ്ങൾക്കെല്ലാം
ചുറ്റിലെത്ര സാഗരങ്ങളിൽ
ദിനങ്ങൾ മരിക്കുന്നു

ഒഴുകും പുഴതീർത്ത കയത്തിൽ
വർത്തമാനമെഴുതും
കടലാസിൻ കല്പിതഭാവങ്ങളും,



കഴുകിക്ലാവുതീർന്ന വിളക്കിനരികിലെ
കരിപ്പാടുകൾ പകതീർക്കുന്ന 

രാവിൽതന്നെയറിഞ്ഞുതീർന്നു 
പുതുയുഗത്തിൻ
ആർഭാടങ്ങളതിലോ നിറയുന്നു
പണതുണ്ടുകൾ;

നേർത്തു വരുന്നു ഹൃദയത്തിൽ
വിശ്വസങ്കല്പങ്ങളും..


അരികിൽ നക്ഷത്രങ്ങളെഴുതും
കവിതയിലൊഴുകുന്നുവോ
മിഴിക്കുള്ളിലെ പുരാദൈന്യം
വഴിയരികിൽ വിളക്കിന്റെ
പ്രകാശമതിൽ തട്ടിയുടയും
നിഴലിനൊരദൃശ്യമുഖം
പിന്നിലുടയും ദർപ്പണത്തിലെത്രയോ
മുറിവുകൾ...


മഴക്കാലത്തിൽ പൂക്കൾ വിരിയും
ഗ്രാമത്തിന്റെയരികിൽ
പകലുമിന്നെരിഞ്ഞുതീരുന്നേരം
എഴുതിതീരും കാവ്യസ്പന്ദങ്ങൾക്കരികിൽ
നിന്നുണർന്നുവരുന്നുവോ
സന്ധ്യതൻ നക്ഷത്രങ്ങൾ...
 

No comments:

Post a Comment