Monday, January 14, 2013


 മൊഴി

കഥയെഴുതിനീങ്ങുന്ന
കാലഘട്ടത്തിന്റെ
ചുമരുകൾ താങ്ങുന്നുതേതു
മിഥ്യ??

മുറിവുകൾ തുന്നാതെ
മൂവന്തികൾക്കുള്ളിലിരുളിട്ടു
നീങ്ങിയതേതു ഗർവം??

അറിവിന്റെയക്ഷരം തെറ്റി
വീഴുന്നേരമെഴുതുവാൻ
കല്പിച്ചതേതു യോഗം??

ഇടവഴിക്കുള്ളിൽ
ശിരോപടങ്ങൾ തീർത്ത
നിഴലഴിക്കെത്ര രൂപം...

പകലുകൾക്കുള്ളിൽ
കടൽത്തീരമേറ്റിയതാരുടെ
ആത്മരോഷം??

മുകിലുകൾതുന്നുന്നതേതു
സങ്കല്പം??
അരികിലാകാശത്തിനരികിൽ
വിളക്കേന്തിയൊഴുകുന്നൊരാർദ്ര
താരം....

മൊഴിതെറ്റി, മൗനത്തിനടവുതെറ്റി
മഴയിൽ കുതിർന്നു
മഷിക്കുപ്പികൾ....

അരികിൽ ഗൃഹാതുരത്വം
നീങ്ങി ഗ്രാമത്തിനുണർവിലെ
പവിഴമല്ലി...





No comments:

Post a Comment