Friday, January 25, 2013

 കഥപറയും നൂറ്റാണ്ടുകൾ

പതിനൊന്നാം നൂറ്റാണ്ടിലെയൊരു കഥയാണിത്..
തെക്കേ ഇന്ത്യയിൽ തഞ്ചാവൂരിൽ ബൃഹദേശ്വർ ദേവാലയം പണിതീർന്ന നൂറ്റാണ്ട്.
മതിലുകളിൽ സാമ്രാജ്യങ്ങൾ കഥയെഴുതി നീങ്ങിയതിനിടയിലുണർന്ന കഥയാണിത്

സാഗരിക എന്ന പെൺകുട്ടി ഒരു തുന്നൽക്കാരന്റെയരികിലെത്തി.
തുന്നൽക്കാരൻ ചോദിച്ചു..
" കുട്ടീ  നിനക്കെന്താണു വേണ്ടത്"

സാഗരികയുടെ കൈയിൽ ശരത്ക്കാലത്തിൻ പൂവുകളും മഴതുള്ളികൾ പോലെ തിളങ്ങും വെൺ ശംഖുകളും ഉണ്ടായിരുന്നു..

തുന്നൽക്കാരനാകെ കൗതുകമായി..

തുന്നൽക്കാരാ എനിക്കൊരു മുഖപടം വേണം..
എന്തിനു കുട്ടീ, നിന്റെ തിളങ്ങുന്ന കണ്ണുകൾ മൂടിയിടുവാനോ??

എനിക്ക് വേണം തുന്നൽക്കാരാ, ഒരു  Hawk- പരുന്തിന്റെ മുഖപടം..
കുട്ടീ നിന്റെ മുഖം മഴതുള്ളിപോലെ, നിന്റെ കണ്ണുകളിൽ നക്ഷത്രതിളക്കം

നിനക്കെന്തിനൊരു പരുന്തിന്റെ മുഖം മൂടി..
എനിക്ക് വേണം തുന്നൽക്കാരാ......

ഞാനെന്റെ മേശക്കരികിലിരുന്നെഴുതുമ്പോൾ,
ഞാനുറങ്ങുമ്പോൾ, ആട്ടിൻ തോലിട്ട കുറെ കുറുക്കന്മാർ ശല്യം ചെയ്യുന്നു..
അവരെന്നെ കുറെ മുറിവേൽപ്പിച്ചു, അവരിൽ നിന്നൊരു രക്ഷയ്ക്കായ്
എനിക്കൊരു പരുന്തിന്റെ മുഖപടം തുന്നിതരൂ തുന്നൽക്കാരാ..

സാഗരിക പറയുന്നതിൽ വാസ്തവമുണ്ടെന്ന് തുന്നൽക്കാരനു തോന്നി
അയാൾ സാഗരികക്കൊരു പരുന്തിന്റെ മുഖപടം തുന്നി നീട്ടി..

തുന്നൽക്കാരാ എനിക്കിതിടാനൊട്ടും ഇഷടമല്ല, പക്ഷേ ആ കുറുക്കന്മാർ
അതിഭയങ്കരന്മാർ, അതിനാലാണു എനിക്കിതൊക്കെ ചെയ്യേണ്ടി വന്നത്..
തുന്നൽക്കാരാ വളരെ നന്ദി..
എന്റെ കൈയിലെ എല്ലാ ശംഖുകളും ഞാൻ നിനക്ക് തരാം
വേണ്ട കുട്ടീ.. എനിക്കൊന്നും വേണ്ട.
നീയെന്താണു മേശക്കരികിലിരുന്നെഴുതുന്നത്??..
നക്ഷത്രങ്ങളുടെ കവിതകൾ...
മഴതുള്ളിക്കവിതകൾ...
എങ്കിലതിലൊരു കവിതയെനിക്ക് തന്നാൽ മതി..

സാഗരിക കൈയിലെഴുതി സൂക്ഷിച്ച ഒരു കവിത തുന്നൽക്കാരനു കൊടുത്തു..

സ്വപ്നങ്ങൾ ദു:സ്വപ്നങ്ങളായ
ദിനങ്ങളിൽ നിന്നുണർന്ന
നിഴൽരൂപങ്ങൾക്കകലെ
ഉപദ്വീപിൽ ദേവാലയം
പണിതീരുന്ന ഈ നൂറ്റാണ്ടിൽ
ശരത്ക്കാലസന്ധ്യയിലെ
നക്ഷത്രങ്ങൾ
എന്റെ മിഴിയിലെ
പ്രകാശമായിരുന്നെങ്കിൽ..

തുന്നൽക്കാരൻ അത് വായിച്ച് സാഗരികയുടെ കവിളിൽ തട്ടിയനുമോദിച്ചു..
സാഗരിക തുന്നൽക്കാരൻ തുന്നിക്കൊടുത്ത മുഖപടവുമായ് വീട്ടിലേയ്ക്ക് നടന്നു
പിന്നീടൊരിക്കലും മുഖം മൂടികുറുക്കന്മാർക്ക് സാഗരികയെ ഭയപ്പെടുത്താനായില്ല..
നൂറ്റാണ്ടുകൾക്കരികിലിരുന്ന് സാഗരികയെഴുതി..
മഴതുള്ളിക്കവിതകൾ
നക്ഷത്രങ്ങളുടെ കവിതകൾ...

No comments:

Post a Comment