Monday, January 28, 2013

 യുഗങ്ങൾക്കപ്പുറം


കൃതയുഗമുനികൾ മന്ത്രം ചൊല്ലിനീങ്ങിയ യുഗങ്ങൾക്കപ്പുറം ത്രിദിവത്തിലെ ദ്വാരകപോലെ  മനോഹരമായ ഒരു കാവ്യമെഴുതാനൊരിടം തേടി നടന്ന ഒരു ശരത്ക്കാലപ്രഭാതത്തിൽ സാഗരികയോടു പലരും ചോദിച്ചു..

എത്ര മനോഹരമായ ഹൃദയത്തിനാകൃതികൾ പ്രഭാതത്തിൽ നിന്നെ തേടി വരുന്നു. അതിലെഴുതിയിടുന്ന സങ്കല്പങ്ങളോ എത്ര മനോഹരം..
പിന്നെയും നീയെന്തേ സാഗരിക അതെല്ലാം മായ്ച്ചുകളയുന്നു. ചന്ദനം കുളിരും പോലെ തോന്നും ആ സൃഷ്ടികൾ നിന്റെ മനസ്സിനെയലിയിക്കാത്തതെന്തേ... കടൽ മണൽത്തരികൾ പോലെ നീയതെല്ലാം ഉടച്ചുകളയുന്നുവല്ലോ..
നീയെന്തേ ഇങ്ങനെ..

പ്രഭാതം കസവുതുന്നും പവിഴമല്ലിപ്പൂമരത്തിനരികിലേയ്ക്ക് മെല്ലെ നടന്നുകൊണ്ട് സാഗരിക പറഞ്ഞു..

പലേ ഋതുക്കൾക്ക് മുന്നിൽ ഇതുപോലെയുള്ള ചന്ദനം കുളിരും മനോഹരമായ സൃഷ്ടികൾ കണ്ടിരുന്നു. അത് ഞാൻ മായ്ച്ചുകളഞ്ഞില്ല. പക്ഷെ ഇന്നീ മാറിയ വർണ്ണക്കൂടുകൾക്കരികിൽ അതിലൊരു നാൾ നിറഞ്ഞ ആത്മാർഥതയുടെയംശം തീരെയില്ലാതെയായിരിക്കുന്നു എന്നെന്റെ ശരത്ക്കാലം എന്നോടുപറയുന്നു..

സാഗരത്തിലൊഴുകിയെത്തും വെൺ ശംഖുകളുടെ ഹൃദ്സ്പന്ദനശബ്ദം ആരും കേൾക്കാതിരിക്കാനായി മുന്നിൽ വരും ഹൃദയാകൃതികളിൽ വിശ്വസിപ്പിക്കാ ൻ  പരിശ്രമിക്കും ഒരവിശ്വസനീയത നിറയുന്നത് എനിക്ക് കാണാനാവുന്നു.
സംവൽസരങ്ങൾ നടന്നുനീങ്ങിയ വഴിയിലുടഞ്ഞ തീർന്ന ഹൃദയാകൃതിയാൽ മറച്ച മുൾക്കൂട്ടങ്ങളെ എനിക്ക് കാണാനാവുന്നു.. കൽച്ചീളുകളെ എനിക്ക് കാണാനാവുന്നു. അസ്ത്രങ്ങളെ എനിക്ക് കാണാനാവുന്നു. മഷിപ്പാത്രങ്ങളുടഞ്ഞുതീർന്ന വഴിയിലൊഴുകിയ അമാവാസിയിൽ മുങ്ങിയ നിലാവിനെയും എനിക്ക് കാണാനാവുന്നു..ഹൃദയാകൃതിയാൽ മറച്ച ചുറ്റുവലയങ്ങളിൽ നിന്നെടുത്തുസൂക്ഷിക്കാനിന്നൊരുതുടം നിസ്സംഗത മാത്രം ശേഷിക്കുമ്പോൾ ഞാനത് മായ്ക്കുന്നു.

ഹൃദയത്തിനാകൃതിക്കരികിൽ  സൂത്രമത്സരക്കളിയുടെ ദർപ്പണങ്ങൾ ഞാൻ കാണുന്നു. അതിനാലായിരിക്കും ഞാനതൊക്കെ മായ്ച്ചുകളയുന്നത്..

എന്റെ പരിചയിൽ വീണുടഞ്ഞ വാൾമുനത്തലപ്പിനോർമ്മകൾക്കെത്ര മുറിവ്..
ഒരോ മുറിവിലും നിന്നുണർന്ന അനേകദിനങ്ങൾ ചേർത്തുവയ്ക്കുമ്പോൾ ഇന്നുണരും പ്രഭാതങ്ങളിലെ പൂവുകളും, ഹൃദയാകൃതികളും ഞാൻ മായ്ച്ചുതീർക്കുന്നു...

ഓർമ്മകളുടെ മൃദുവായ ഇതളുകൾ മുറിഞ്ഞുതുടങ്ങുമ്പോൾ ഹൃദയാകൃതികൾ അതിനരികിൽ വന്നെഴുതും അവിശ്വസനീയതയെ വിശ്വസിക്കാതിരിക്കുക മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ..
ആത്മാർഥതയുടെ നന്മയുണ്ടായിരുന്ന പഴേയിതളുകൾ ഞാൻ മായ്ച്ചുതീർത്തില്ല.
ഋതുക്കളിലൂടെ എത്ര സംവൽസരങ്ങൾ നടന്നുനീങ്ങിയിരിക്കുന്നു.. അതിനിടയിൽ ശേഷിപ്പുകളുടെ എത്ര അവലോകനങ്ങൾ..
ഹൃദയാകൃതികൾ എന്റെ മനസ്സിനെയോ ഹൃദയത്തെയോ ഇന്നലിയിക്കുന്നില്ല.. അതിനുള്ളിലൊഴുകും തത്വശാസ്ത്രങ്ങൾ എന്നെ വിഭ്രമിപ്പിക്കുന്നുമില്ല..
അതിനുള്ളിലെയുപദേശങ്ങൾ എന്റെ ഹൃദയത്തെ സ്പർശിക്കുന്നുമില്ല.. അതിനാലായിരിക്കും ഞാനവയെല്ലാം മായ്ക്കുന്നത്...

സാഗരികേ നീ പറയുന്നതൊന്നും മനസ്സിലാവുന്നില്ലല്ലോ??.
പലരും പലതും ചെയ്തുനീങ്ങുന്നത് ഒന്നും മനസ്സിലാവാത്തതിനാൽ... മനസ്സിലാക്കാൻ ശ്രമിക്കുക പോലും ചെയ്യാത്തതിനാലെത്ര ദുരന്തങ്ങൾ....
ദുരന്തങ്ങൾക്കൊടുവിൽ ആകൃതിതെറ്റിയ ഹൃദയങ്ങൾ ഹൃദയാകൃതിയിൽ എഴുതി നിറയ്ക്കുന്നു..
അതാവും സ്മാരകശിലകൾ....

No comments:

Post a Comment