Sunday, January 6, 2013

പ്രിയപ്പെട്ട ഗായത്രി
 
എത്ര ശ്രമിച്ചിട്ടും ജാലകനിഴലുകൾ വിട്ടുപോവാത്തതിൽ ഞാനും വിഷമിക്കുന്നു.         ആ പുഴ നമ്മുടെയുദ്യാനത്തിൽ
നിന്നും  ഒഴുകിമാഞ്ഞിട്ടും ജാലകനിഴലുകളെന്തിനിനിയും കാവൽ നിൽക്കുന്നു.. ആ പുഴ നമ്മുടെയുദ്യാനത്തിൽ നിന്നകന്നു നീങ്ങിയാലല്പം മനശാന്തിയുണ്ടാകും എന്നു ഞാൻ വിശ്വസിച്ചുപോയി. ആ പുഴയൊഴുകി മാഞ്ഞിട്ടും
മനശാന്തിയുണ്ടാകാതിരിക്കാനുള്ളതൊക്കെയും മഷിതുള്ളികൾ ചെയ്തുകൊണ്ടേയിരിക്കുന്നു.. പുഴയുടെ പകയൊരു വശത്ത്,  മഷിതുള്ളികളുടെ മറ്റുള്ളവരുടെ ദുരിതാഘോഷം വേറൊരു വശത്ത്.. ഇതിനിടയിലും മീര എഴുതാനാവുന്ന്
എന്നത് എത്രയോ ഭംഗിയേറിയ കാര്യം.. 


എനിക്കറിയാം മീര അശാന്തിയുടെയനശ്ചിതത്വത്തിലും ആകാശവാതിലിലെ ദൈവം നമ്മുടെ വിരലുകളിൽ നക്ഷത്രങ്ങളെ തൂവുന്നു..

ആ പുഴയോടൊഴുകിമായാൻ പറയുമ്പോളല്പം ദു:ഖമുണ്ടായിരുന്നു, ആ പുഴയ്ക്കുമല്പം ദു:ഖമൊക്കെയുണ്ടായിരുന്നു.
മഷിതുള്ളികളിന്ന് ആ ദു:ഖമെല്ലാം നന്നായി തൂത്തുമായ്ച്ചിരിക്കുന്നു. തൂത്തുമായ്ക്കുമ്പോൾ ദു:ഖം മാറ്റിയവിടെ പക നിറയ്ക്കാനുമവർക്കായി.. സന്തോഷിക്കുന്നുമുണ്ടാവും മഷിതുള്ളികൾ..

ജാലകനിഴലുകളെയകറ്റുക എന്ന പ്രാർഥന ഞാനെന്നുമെൻ ആകാശവാതിലിലെ ദൈവത്തോടു പറയുന്നു. ദൈവമെല്ലാമറിയുന്നു. കാണുന്നു. മനുഷ്യന്റെ മഷിപ്പാത്രങ്ങൾക്കപ്പുറം കണ്ടുകൊണ്ടിരിക്കുന്നു മനുഷ്യന്റെ  ക്രൂരവിനോദങ്ങൾ..
ആ ജാലകനിഴൽ
മാഞ്ഞുമാഞ്ഞുതീരുമ്പോൾ പിന്നെ മീര നമുക്കെഴുതാം.. ആത്മാവിന്റെയക്ഷരലിപികൾ പോലെ മനോഹരമാം എഴുത്തക്ഷരങ്ങൾ.. 
നക്ഷത്രങ്ങളുടെ സംഗീതം.. പലേ ദിക്കിലും തട്ടിതൂവിയ പ്രാചീനപുരാണം പോലെ ദിവ്യമാം
വേദം പോലെ നമുക്കെഴുതാം..


അയഥാർഥത്തിൻ ഒരിടവേളയിലെ മുഖങ്ങൾ മാഞ്ഞുതീരട്ടെ...
അശാന്തിയുടെയിലകൾ നമുക്കീ നെരിപ്പോടിലിടാം, കത്തിതീരട്ടെ കലാപത്തിനോർമ്മകൾ,
കനലെരിഞ്ഞുതീരുമ്പോൾ പുകഞ്ഞുപുകഞ്ഞുതീരട്ടെ അശാന്തിയുടെയാവരണങ്ങൾ..
മുഖാവരണങ്ങളില്ലാത്ത നമ്മുടെ മഴക്കാലത്തിനരികിലിൽ
അവസാനത്തെയോർമ്മയുടെ ഓർമ്മപ്പെടുത്തലുകളുമായ് ജാലകവാതിലിനരികിൽ

നിഴലുകൾ വരാതിരിക്കാനായ് നമുക്കൊരു പ്രാർഥനയെഴുതാം
മീര



No comments:

Post a Comment