Wednesday, January 30, 2013

 സ്വപ്നങ്ങൾക്കപ്പുറമുള്ള കഥകൾ

 ആകാശത്തിനരികിൽ സന്ധ്യയുടെ തിരിതെളിയും നേരം
വയലേലചുറ്റും ഗ്രാമം ഒരു മനോഹരമാം ചിത്രം പോലെ തോന്നി..

എഴുതിതിരിഞ്ഞ നഗരം തുടങ്ങിയ സിമന്റുപാലത്തിനരികിൽ സമപാദത്തിലുണർന്നു ഒരു സന്ധ്യാമന്ത്രം..

ഒഴുകിനീങ്ങും ഇലകൾക്കരികിലൂടെ ആറ്റിറമ്പിൽ വെയിൽ മാഞ്ഞുതുടങ്ങിയിരുന്നു..  കുത്തുവിളക്കുമായ് പണ്ടൊരു മാന്ത്രികൻ     അവിടെ മായാജാലം കാട്ടിയിരുന്നു.   ഈർപ്പമാർന്ന തണലിൽ നിഴൽ മാഞ്ഞുതീർന്നിരിക്കുന്നു. വാത്മീകങ്ങളാൽ മൂടിയ യുഗഭാവനയിൽ
അർഥനാർഥങ്ങൾ നിരവധി..

ദിനങ്ങൾ തൂക്കിവിറ്റ വിധിപത്രങ്ങൾ ചുറ്റുമൊഴുകുമ്പോൾ സാഗരിക എഴുതുകയായിരുന്നു...

ആൽമരത്തണലും കടന്നുവന്ന കാവിചുറ്റിയ ഒരു അവധൂതൻ സാഗരികയോട് ചോദിച്ചു..
നീയെന്തെഴുതുന്നു..

നിഴലുകൾക്കൊടുവിൽ പ്രകാശമുണരും നക്ഷത്രങ്ങൾ പൂവുകൾ പോൽ വിടരുമ്പോൾ അതിലൊരു കവിതയുണരുന്നതെങ്ങനെയെന്ന്
എഴുതുകയായിരുന്നു ഞാൻ..

നിയെഴുതുന്നതെന്നും നക്ഷത്രങ്ങളെ കുറിച്ചാണോ??

ഓർമ്മകളിൽ മുറിയും മുള്ളുകൾ തുന്നിമുന്നിലൊരു കുലം നിന്ന നാളിൽ
മുഖപടങ്ങളണിയും  മനുഷ്യരെ കണ്ടുതീർന്നിരിക്കുന്നു..  അധികനിറങ്ങളൊഴുക്കാത്ത ഋതുക്കൾക്കപ്പുറം മനുഷ്യർ  ചായം കോരിയൊഴിക്കുന്നതു കണ്ടപ്പോൾ എനിക്കത്ഭുതം തോന്നി. പൂർവജന്മദുരിതമെന്നപോൽ മുന്നിൽ ഞാൻ കണ്ടുതീർന്നിരിക്കുന്നു ഒരു ലോകം..

അവധൂതനറിയുമോ കവടിശംഖുകളിൽ മന്ത്രിക്കും ഗ്രഹദൈന്യങ്ങളറിയാൻ?
സാഗരികയുടെ ചോദ്യം കേട്ട് അവധൂതനൊന്നു മന്ദഹസിച്ചു...

ദൈവത്തിനവതാരങ്ങൾ എങ്ങനെയുണ്ടായി എന്ന് നിനക്കറിയുമോ??
ഭൃഗുശാപത്തിൻ പരിണതഫലമാണു അവതാരങ്ങൾ...
നിടിലത്തിലഗ്നിയുമായ് ശിവൻ ശുക്രനോടു പറഞ്ഞു..    ശിരസ്സ്   കീഴ്പ്പോട്ടാക്കി ആയിരം സംവൽസരം ധൂമപാനം ചെയ്യുവാൻ.. തപസ്സിന്റെയും  തപോവിഘ്നത്തിന്റെയുമിടയിൽ  ഗ്രഹദൈന്യങ്ങൾ ദൈവങ്ങളെപ്പോലും  ഉലയ്ക്കുന്നു.   മനുഷ്യരുടെ ഇമയനക്കത്തിൽ കാണും ചെറിയ മൺ തുണ്ടുകളിൽ നിറയും സ്വാർഥം..

അവധൂതനറിയുമോ, എന്റെയീ ചെറിയ ഭൂമിയുടെയരികുകളിൽ വന്നുവീഴും അസ്ത്രങ്ങളെത്രയെന്ന്.  ആധിതൂവിയൊടുവിൽ തിരികെയെടുക്കാനാവാത്ത അശ്വത്വാമാവിനെപ്പോലുള്ളവരെയ്യും അസ്ത്രങ്ങൾ..

കുട്ടീ, ഈ ലോകത്തിൽ നെടുകയും കുറുകയും വീഴും അസ്ത്രശരങ്ങൾ വീണു നീയിരിക്കും ഭൂമിയല്പം ചെരിഞ്ഞു. എഴുതും നിന്റെ വിരലുകളിൽ
ഇന്നും ശരത്ക്കാലം മിന്നുന്നു..  നക്ഷത്രങ്ങൾ പൂവിടുന്നു..  അതൊരു മനോഹരമായ അവസ്ഥാവിശേഷം..

ഗ്രഹദൈന്യങ്ങൾ നിന്നെ ചുറ്റിവരിയുമ്പോഴും നിനക്കരികിൽ വിരിയുന്നു ആകാശവാതിലിലെ പാരിജാതപ്പൂവുകൾ..
അതെത്രയോ ഭാഗ്യകരമായ സത്യം..

അവധൂതൻ പറയുന്നതെനിക്ക് മനസ്സിലാവുന്നു...
പക്ഷെ ലോകമെന്തേയിങ്ങനെ..

പലവിധമുള്ള ലോകമാണുചുറ്റിലും..  അതിനരികിൽ ഗ്രാമം ചുറ്റും ഹരിതവൃക്ഷങ്ങളിൽ നീയെഴുതിസൂക്ഷിക്കും നക്ഷത്രങ്ങൾ തിളങ്ങട്ടെ.
ലോകമൊരുവഴിയിൽ ആരവമുണർത്തും.. അതിനരികിൽ എഴുതിതീർക്കാൻ നിനക്കൊരുപാടുണ്ടെന്ന് അവധൂതന്റെ മനസ്സുപറയുന്നു..

മിന്നിതിളങ്ങുമൊരു  നക്ഷത്രം അവധൂതന്റെ നിടിലത്തിലുണ്ടെന്ന് സാഗരികയ്ക്ക് തോന്നി. പ്രദോഷത്തിലെ മന്ത്രങ്ങൾ കേൾക്കുന്നുവോ..
ചുറ്റിലും വിഭൂതിയുടെ ഗന്ധം.. അമ്പലമണികളിലുണരും സംഗീതം...
സാഗരിക മിഴിതുറന്നു... അവധൂതനെവിടെ...
ആൽമരത്തണൽ ശൂന്യം.. അവിടെയൊരു സന്ധ്യാദീപം..
അതിനരികിലൊരു രുദ്രാക്ഷം..


No comments:

Post a Comment