Tuesday, January 1, 2013

 മൊഴി
 
മനസ്സേ!
മൊഴിയിൽ
നിന്നടർന്നുവീഴട്ടെ
ആത്മസംഘർഷവുമതിൻ
അവസാനത്തെയക്ഷരവും
 
ഹൃദ്സ്പന്ദങ്ങളേ
മുഖങ്ങളനേകമില്ലാതെ
ചില്ലുപാത്രങ്ങളിലുറങ്ങുമ്പോൾ
നക്ഷത്രങ്ങളെഴുതും
കവിതയിൽ പ്രകാശം
നിറയുന്നതറിഞ്ഞാലും

മതിലേറി, പടിപ്പുരയേറി,
ജനൽ വാതിലിനരികിൽ
പഴം പുരാണം ചൊല്ലും
പഴയകാല ഋണങ്ങളേ
നിങ്ങളെന്നാണാവോ
കടം തീർത്തു മടങ്ങുക...

ഇടറിവീണ സ്വരങ്ങളേ
വിതുമ്പും മഴതുള്ളികളിലൂടെ
വിരൽതുമ്പിലൊഴുകും
വിസ്മയമൊരു
കാവ്യസ്പന്ദത്തിലലിയുമ്പോൾ
സ്വരസ്ഥാനങ്ങളിൽ
ശരത്ക്കാലം തൂവും
സ്വർണ്ണതരികൾ ചേർത്തെഴുതിയാലും
വീണ്ടുമൊരു രാഗമാലിക...

No comments:

Post a Comment