Monday, December 17, 2012


നക്ഷത്രങ്ങളുടെ കവിത

കിഴക്കേ വാതിലിനരികിൽ
ഞാനുണർന്നെഴുനേറ്റ
പടിപ്പുരയിൽ
ഉറങ്ങാതെയെനിക്കായ്
കാവ്യസ്പന്ദങ്ങളുണർത്തിയ
ശരത്ക്കാലനക്ഷത്രമേ
അതിരുകൾക്കകലെയും
മധ്യധരണ്യാഴിവരെയും
സ്വരങ്ങളുടഞ്ഞൊഴുകുന്നു
മുദ്രയേകാതെ മാഞ്ഞുതീരും
ധൂപപാത്രങ്ങളിലെ
പുകപോൽ
അഗ്നിവലയങ്ങളിലൂടെ
മാഞ്ഞുതീരും
ഹവ്യം പോൽ
എത്ര ദിനങ്ങൾ ഋതുക്കളിലലിഞ്ഞ്
നടന്നുനീങ്ങിയിരിക്കുന്നു
ആകാശഗംഗയൊഴുകിയ വഴിയിൽ

തളിർ പോലെ മനോഹരമാം 
കാവ്യമെഴുതും നക്ഷത്രദീപങ്ങളേ
എന്റെ മിഴിയിലെ
പ്രകാശത്തിനരികിലിരുന്നെഴുതിയാലും;
ലോകം തിരിഞ്ഞുതീരും
രഥചക്രങ്ങളിലുടയാതെ
ഞാൻ സൂക്ഷിക്കും
കടൽ ശംഖിൽ കടലെത്തിനിൽക്കും
ചക്രവാളത്തിൻ കവിതകൾ..

No comments:

Post a Comment