Sunday, December 23, 2012

 മൊഴി

അക്ഷരങ്ങളുടെ
ലോകത്തിനരികിൽ
നെരിപ്പോടുകൾ പുകയുമ്പോൾ
തീപാറാനൊരു തരി
ഗന്ധകമിട്ട കാലത്തിനപ്പുറം
നിമിഷങ്ങൾ ചിറകെട്ടിയുയർത്തിയ
നിരർഥതകയ്ക്കപ്പുറം
കണ്ടുതീർന്ന കയങ്ങൾക്കപ്പുറം
എഴുതിപ്പെരുക്കിയ
അപസ്വരങ്ങൾക്കപ്പുറം
ജനൽ വാതിലുടച്ച
കൽച്ചീളുകൾക്കപ്പുറം
ഇനിയെന്ത്???

 
മൊഴിതെറ്റി വാക്കുടഞ്ഞ
ചില്ലകളിൽ പെയ്ത
മഴയ്ക്കുപോലും
മായ്ക്കാനാവാതെ നിറയുന്നു
മുന്നിലപസ്വരങ്ങൾ
പടിപ്പുരയിലെ
കരിയിലകൾ തീയെരിഞ്ഞു
പുകയുന്നു
ദിനങ്ങളിലൂടെയൊരു
സംവൽസരം കൂടി നീങ്ങുമ്പോഴും
കടലിനരികിൽ
വന്നു വീഴുന്നു കരിന്തിരിപ്പുക..

 
നക്ഷത്രങ്ങളുടെ കവിതയിൽ
അമാവാസിയുടെയിരുട്ട്
സന്ധ്യയുടെ കണ്ണീരും
കദനവും വറ്റിയിരിക്കുന്നു..
ഇനിയെഴുതാം
ശരത്ക്കാലത്തിനൊരു
പ്രായോഗികഗാനം..


ഉടഞ്ഞതും, മങ്ങിയതുമായ
ഓർമ്മകളിൽ
നിന്നടർന്നുവീഴും ഡിസംബർ...
ജനൽ വാതിലിനരികിൽ
നിന്നൊഴിയേണ്ട പക...
പറഞ്ഞുതീർന്നിട്ടും തിങ്ങിപ്പൊങ്ങിവരും
കടലിന്റെയസ്വസ്ഥഗാനം

No comments:

Post a Comment