Monday, December 17, 2012


നക്ഷത്രങ്ങളുടെ കവിത
 
ഗ്രാമപ്രഭാതത്തിൽ
മാമ്പൂക്കൾക്കിടയിലൂടെ
ആകാശമൊരത്ഭുതമായ്
മിഴിയിൽ വിടർന്ന നാളിലായിരുന്നു
നക്ഷത്രവിളക്കിൽ മിന്നും
സ്വർണ്ണതരികൾ
പവിഴമല്ലിപ്പൂവിതളിൽ
കാവ്യസ്വപ്നങ്ങൾ നെയ്യുന്നത്
കാണാനായത്..

ഋതുക്കളുടെയൂഞ്ഞാൽപ്പടിയിലിരുന്ന്
ഭൂമിയെഴുതിയ സ്വരങ്ങളിലലിഞ്ഞ്
കടലൊഴുകിയ മുനമ്പിൽ
മൃദുപദങ്ങളാൽ ശരത്ക്കാലം
അരയാൽത്തറയിലിരുന്ന്
അദ്വൈതത്തിനനന്തമാം
ശാഖകളിൽ വിരിയും
വിളക്ക് പോൽ തെളിയും
പ്രകാശത്തിലൂടെ
നടന്നുനീങ്ങുമ്പോൾ
മൊഴിയിലുറയും
ആർദ്രനക്ഷത്രമേ
എനിക്കായൊരുക്കിയ
നക്ഷത്രകവിതയിൽ
ഞാൻ സൂക്ഷിക്കാം
സമുദ്രനിധികൾ...


No comments:

Post a Comment