Wednesday, December 5, 2012

നക്ഷത്രങ്ങളുടെ കവിത

ആകാശത്തി മനോഹരമാം
മേൽക്കൂരയ്ക്കരികിലിരുന്ന്
കരിന്തിരി കത്തിക്കെടാറായ
എന്റെ മൺ വിളക്കുകൾ
വീണ്ടും തെളിയിച്ച  നക്ഷത്രങ്ങളേ

സമുദ്രമേറിയൊഴുകിമാഞ്ഞ
തീരങ്ങളിൽ,
അസ്തമയത്തിനിരുട്ടിൽ മങ്ങിയ
എന്റെ സ്വപ്നകാവ്യങ്ങളിൽ
അമൃതുതൂവിയ മഴതുള്ളികളിൽ
ഋതുക്കൾ മാറ്റിച്ചുറ്റിയ
നിറങ്ങളിൽ
ആയുർദൈന്യങ്ങൾ ജപം
തുടരുമ്പോൾ
നെടുകെ മുറിഞ്ഞ പതാകയിൽ
നിന്നൊഴുകും
അഗ്നിവർണ്ണം ശരത്ക്കാലത്തിലലിയുമ്പോൾ
എഴുതിതീരാത്ത കഥകളിലേയ്ക്ക്
കല്പനകളിലേയ്ക്ക്
എന്റെ സ്വപ്നങ്ങൾ വിലയിട്ടെടുത്ത
അമാവാസിക്കുമപ്പുറം
ഞാനുണരും പ്രഭാതത്തിൻ
നിസ്സംഗതയിൽ
എവിടെയാണാവോ
ചന്ദനം തണുക്കും മനസ്സുമായ്
ഉപദ്വീപിനുൾക്കടലിൽ
എന്റെ ഹൃദ്സ്പന്ദനങ്ങൾ
നക്ഷത്രങ്ങളുടെ കവിതതേടി

യാതയായത്.....

No comments:

Post a Comment