Wednesday, December 12, 2012

നക്ഷത്രങ്ങളുടെ കവിത

മേച്ചിലോടുകൾക്കപ്പുറം
ഗ്രാമം നടന്ന വഴിയിൽ
മഴ കരയുകയായിരുന്നില്ല
നിസ്സംഗമൊഴുകുകയായിരുന്നു
ആകാശത്തിന്റെയൊരിതളിൽ
കവിതയും കൈയിലൊരു
വിളക്കുമായ് നക്ഷത്രങ്ങൾ
നടന്നുനീങ്ങുമ്പോൾ
ശരത്ക്കാലം
ഗ്രാമത്തിനെഴുതിയ
കഥയിലെങ്ങോ മരിച്ചുവീണു
ഒരോർമ്മ..
എഴുതിതുടങ്ങാൻ
പിന്നോട്ടു നടക്കേണ്ടതില്ലെന്ന്
വർത്തമാനകാലം
പറഞ്ഞുകൊണ്ടേയിരിക്കുമ്പോൾ
ഗ്രാമം ചന്ദനചെപ്പുതുറക്കുമ്പോൾ
നഗരം ചുരുങ്ങിയ ഒരു പാതയിൽ
തട്ടിയുടഞ്ഞ മൺപാത്രങ്ങളിലൊന്നിൽ
ചിതറിവീണ ജലകണങ്ങൾ
ഘനീഭവിക്കും ദിനാന്ത്യത്തിൽ
ഞാനെഴുതി
കടലുയർന്ന മുനമ്പിനരികിൽ
കനൽ പോലെ ജ്വലിക്കും
സന്ധ്യയുടെ കവിത,
സാന്ധ്യനക്ഷത്രങ്ങളുടെ കവിത
..

No comments:

Post a Comment