Tuesday, December 4, 2012

 മഴ

എവിടെയോ മാഞ്ഞുതീരാതെ
ജനൽവാതിലരികിൽ നിന്നൂ
ഗ്രഹദോഷങ്ങൾ
പിന്നെയീ മഴവീണുകുളിരും
ഡിസംബറിന്നരികിൽ
ഞാനെഴുതീ മനസ്സിന്റെ
കാവ്യരൂപങ്ങളെ
കനൽതൊട്ടു പണ്ടേ നിറഞ്ഞ
ത്രിനേത്രത്തിലെവിടെയോ
മാഞ്ഞു പുരാണങ്ങൾ
വാതിൽക്കലൊളിപാർത്തിരുന്നൂ
മനുഷ്യദുരാഗ്രഹം
അഴൽതിന്നൊരഴിമുഖമതിനരികിലായെന്റെ
കദനം കടൽത്തീരമെഴുതിമായ്ക്കും
ശംഖിലെവിടെയോ ലോകം തിരിഞ്ഞു
നിഴൽപ്പാടിലെഴുതിയോരാധികൾ
കണ്ടുതീരും ഭൂവിനരികിലിരുന്നു
ഞാനെഴുതിയാകാശത്തിനരികിൽ
നക്ഷത്രങ്ങൾ കാവ്യം രചിച്ചു
മറയിട്ടുനീങ്ങും മനസ്സുകൾ
ഗോപുരപ്പടിയിലായെന്നേയുടച്ചു
വിശ്വാസങ്ങളെഴുതിയും മായ്ച്ചും
ത്രിലോകങ്ങളിൽ നിന്നുമൊഴുകി
പലേ നിറപ്പാത്രങ്ങൾ
പിന്നെയെൻ മനസ്സിലെ സന്ധ്യയിൽ
തിരിവയ്ക്കുവാനാർദ്രമിഴിയിലെ
നക്ഷത്രകാവ്യങ്ങളൊഴുകവേ
മഴയെത്തി വീണ്ടും ഡിസംബറിൽ
ഞാനെന്റെ മൊഴിയിലായ് ചേർത്തു
മഴക്കാലരാഗങ്ങൾ...


No comments:

Post a Comment