സ്മൃതിവിസ്മൃതികൾ
ഇവർ പുരാതനർ!
മറഞ്ഞ കാലത്തിനുറവിടങ്ങളിൽ
സമാധിയായവർ
ഇവരച്ഛനമ്മ;
വിളക്കുകൾ പോലെ
പ്രകാശമായെന്നയുണർത്തിയോർ
സ്നേഹക്കുടത്തിലായ്
തീർഥജലം നിറച്ചവർ
ഇവർ സനാതനർ
സുകൃതപുണ്യത്തിന്നയനിയിലെന്നെ
കടഞ്ഞെടുത്തവർ
ഇവർ ഗുരുക്കന്മാരുരുളിയിലരിനിറച്ചെന്റെ
നാവിൽ ഹരിശ്രീയോതിയോർ
വിരലിൽ വിദ്യതന്നിലച്ചോറൂട്ടിയോർ
പ്രകൃതിയെകണ്ടു പഠിക്കെന്നോതിയോർ
പുരോഢാശഹവ്യമുരുക്കിയെന്നുടെ
മിഴിയിലേറ്റിയോർ
ഹൃദയപർവങ്ങളുയർത്തിയോർ
വീണാമധുരതന്ത്രികൾമുറുക്കിയോർ
ഹൃത്തിൻ ശ്രുതിയറിഞ്ഞവർ
ശ്രുതിയിലെ സ്നേഹമിഴിവുമായൊരു
കടലുപോലെന്നിലൊഴുകിയോർ
പിന്നെ വചനം തന്നവർ, വയമ്പുതന്നവർ
പുലർപ്രഭയാകെ വിതറിയോർ
വിശ്വപ്രപഞ്ചത്തെ കാട്ടി
കനവു തന്നവർ
ഇവർ സ്മരേണ്യരെൻ വിരലുകൾക്കുള്ളിൽ
പുനർജനിയായിയുണർന്നവർ
വാനക്കുടക്കീഴിലെന്ന പരിരക്ഷിച്ചവർ
ഋതുക്കളൊന്നാകെയിതളടർത്തിയെന്നരികിലായ്
കാണാനൊരുക്കിവച്ചവർ
കർമ്മവിഷാദയോഗങ്ങളുടച്ചവർ
കൃഷ്ണപ്രിയം വളർത്തിയോർ
മുരളികയ്ക്കുള്ളിൽ മനസ്സിനെ
ചേർത്തുവിളക്കിയോർ
കർമ്മപ്രയാഗയിലെന്നെയൊഴുക്കിയോർ
ഇവർ അനശ്വരർ!
ജപമന്ത്രംപോലെയുരുക്കഴിക്കേണ്ടോരനാദി
നാദത്തെയറിഞ്ഞവർ പൂജാമുറിയിലേറ്റേണ്ട
ത്രികാലമന്ത്രങ്ങൾ
ശിരോകവചം താഴ്ത്തിഞാൻ നമിക്കട്ടെ
വീണ്ടുമമൃതുതുള്ളിതന്നുറവ
പോലവരുണരട്ടെയെന്റെ
വിരൽതുടികളിൽ...
No comments:
Post a Comment