Friday, December 14, 2012

ശരത്ക്കാലത്തിൻ കവിത

മഴ തീർഥം തൂവിയ
പ്രദക്ഷിണവഴിയിലൂടെ
ശരത്ക്കാലത്തിൻ
കനകമയമാം
പുസ്തകത്താളുകളിലൂടെ
ചുറ്റും നിറയും
ആരവത്തിനരികിലൂടെ
ധനുമാസത്തിനൊരിതളിൽ
മറന്നുതീരേണ്ട ഓർമ്മകൾ
ആരൊക്കെയോ നീർത്തിയിടുമ്പോൾ
ജാലകത്തിലൂടെ കാണും
ആകാശത്തിനൊരു തുണ്ടിൽ
കാവ്യം പോലൊരാർദ്രനക്ഷത്രം...


വിഭൂതിയിൽ മുങ്ങി
ഇടവേളകൾ നടന്നുനീങ്ങിയ
പടപ്പുരവാതിലരികിൽ
 മതിലുകളിൽ വളരും

വർത്തമാനകാലം
പവിഴമല്ലിപ്പൂക്കൾ
പട്ടുപോലെ മനസ്സിൽ
പൊഴിയുമ്പോൾ
കസവു നെയ്യും നക്ഷത്രങ്ങൾ
മനസ്സിൽ സർഗങ്ങളായ്
വിടരുമ്പോൾ
ജാലകവാതിലൂടെ
വളർന്നൊരു വൃക്ഷശിഖരം
ഗ്രാമമുറങ്ങും എന്റെയെഴുത്തുപുരയുടെ
മേച്ചിലോടുകളുടയ്ക്കുമ്പോൾ
ഉദ്യാനത്തിൻ ചന്ദനസുഗന്ധത്തിൽ
എന്റെ ഹൃദയമൊരു
ശരത്ക്കാലകാവ്യമാകുന്നത്
ഞാനറിഞ്ഞു....

No comments:

Post a Comment