Wednesday, December 26, 2012

പവിഴമല്ലിപ്പൂവുകൾ

മഴയിലൂടെയോ
ഒഴുകിയതീയാർദ്രമൊഴിയും
പവിഴമല്ലിപൂവുകളും
മിഴിയിലെ ഭൂമിതന്നൊരുമുനമ്പിൽ
ശാന്തമൊഴുകുന്നുവോ സാഗരം
എഴുതും വിരൽതുമ്പിലിന്നും
ശരത്ക്കാലനിനവുകൾ തൂവുന്നുവോ
സ്വർണ്ണരേണുക്കൾ
അരികിൽ നടന്നുനീങ്ങുന്ന
ധനുർമാസമെഴുതുന്നതേതു
കൽസ്തൂപരാഗം
സ്വരമുറങ്ങും വീണയതിനുള്ളിലെ
ശ്രുതിക്കരികിൽ വീണുടയുന്നുവോ
ലയം, മനസ്സിന്റെയിതളുകൾക്കുള്ളിൽ
സ്വയം തീർത്ത വാത്മീകമതിനുള്ളിൽ
മാഞ്ഞുതീരും പഴേയോർമ്മകളെ,ഴുതിയും
തൂത്തും നിറം തീർന്ന കാലത്തിനൊരു
കോണിലായ് നേർത്തുതീരുന്ന മൗനവും,
പടവുകൾ മെല്ലെയിറങ്ങിനടന്നൊരാ
പഴമയും, പ്രണയഗാനങ്ങളും
സ്നേഹത്തിനിതളുകൾപോലും
കരിപുരണ്ടാകെയീ വഴികളെല്ലാം
മിഴിക്കുള്ളിലുറഞ്ഞുവോ
അരികിലോ പിരിയുവാനാവാതെ
വീണ്ടുമെൻ ഹൃദയത്തിലെഴുതുന്നൊരക്ഷരങ്ങൾ
വീണ്ടുമിവിടെയീ ധനുമാസമൊഴിയിൽ
നക്ഷത്രങ്ങൾ പോൽ
വിടരുന്നുവോ പവിഴമല്ലികൾ....

No comments:

Post a Comment