Monday, December 24, 2012

മൊഴി

 ഇഷ്ടാനിഷ്ടങ്ങളുടെ
അക്ഷരലിപികളുടച്ചതിൽ
നാനാർഥമെഴുതും നിമിഷങ്ങൾ
കോലരക്കിൻ മുദ്രയുമായ്
അറയിൽ പൊടിപുരണ്ട പുരാണങ്ങൾ
അകലം കൂടിക്കൂടിവരും
സമാന്തരരേഖകൾ
കാലഘരണപ്പെട്ട പഴയ
കണക്കുപുസ്തകങ്ങൾ..
അറിവില്ലായ്മയിൽ
ആരെയോ ബോധിപ്പിക്കാൻ
പുഴയൊഴുക്കിയ പക..
കടലിനൊരു ചിറകെട്ടാനൊരുങ്ങിയ
കടലാസുതുണ്ടുകൾ..
സാത്വികമാം പച്ചവേഷങ്ങൾക്കരികിൽ
തിരിശ്ശീലമറക്കുള്ളിൽ
പാതിമുഖം കാട്ടി തിരനോട്ടം ചെയ്യും 

കരി, കത്തിവേഷങ്ങൾ
ആർക്കാരോടാണാവോ
തീർത്താൽ തീരാത്ത പക..
വേഷം കെട്ടിയാടി പിന്നീട്
മിനുക്കിതുടച്ച മുഖവുമായ്
നീങ്ങുമൊരു പക..
നക്ഷത്രങ്ങളുടെയരികിൽ
കഥയേറെയുമറിഞ്ഞുതീർന്ന
കനൽ പേറും ഭൂമിയുടെ രോഷം
അകലം കൂടികൂടിയെല്ലാം
കാഴ്ച്ചപ്പാടിൽ നിന്നകലുംവരെയും
തുള്ളിതുളുമ്പി മുന്നിൽ വീഴും
ലോകത്തിൻ പല രൂപഭാവങ്ങൾ,
വർത്തമാനകാലവിധിരേഖകൾ
എല്ലാം കണ്ടുകൊണ്ടിരിക്കാം





No comments:

Post a Comment